ബാലാര്‍ക്ക ദേവനുദിച്ചു-ദൂരെ
ചേലൊത്ത ഹിമവാന്റെ മേലെ.
നിദ്ര വിട്ടെല്ലാമുണര്‍ന്നു-മര്‍ത്ത്യ
രത്രയും കര്‍മ്മത്തിലാണ്ടു.
കൂട്ടുകാര്‍,നാട്ടുകാര്‍ തമ്മില്‍ -നല്ല
സന്തോഷ മാര്‍ന്നോരുനാളില്‍.
കളിച്ചും ചിരിച്ചും നടന്നു- കൊച്ചു
കുട്ടികള്‍ കൂട്ടാളരൊത്ത്.
വീടിന്നിറയത്തിരുന്നു -അമ്മ
പ്രാതല്‍ വിളമ്പി വിളിച്ചു.
മുത്തശ്ശിമാര്‍ വീടിനുള്ളില്‍ -ചെറ്റു
വിശ്രമിയ്ക്കുന്നൊരു നേരം.
അങ്ങിനെ ഓരോ വിധത്തില്‍ -മറ്റു
നാട്ടുകാര്‍ കാര്യത്തിലാണ്ടു.
നാഴിക ഏറെ കഴിഞ്ഞു -വാനില്‍
സൂര്യന്‍ തിളങ്ങി കഴിഞ്ഞു.
ഭാവ ഭേദം വന്നു ചേര്‍ന്നു -ആഴി
സംഹാര മൂര്‍ത്തിയായ് മാറി.
നെഞ്ഞകത്തെങ്ങോ വെടിച്ചില്‍ -വന്നു
കടലമ്മ നീറി പുകഞ്ഞു.
വാരിധി നെഞ്ഞിലമര്‍ന്നു -ഭംഗ്യാ
ക്ഷണനേരം ഉള്‍ക്കാമ്പ് കണ്ടു.
ഞൊടി കൊണ്ടു വെള്ളം നിറഞ്ഞു -തന്റെ
ശക്തി പ്രഭാവം ജ്വലിച്ചു.
തിരമാല വാനില്‍ ഉയര്‍ന്നു -രവ്ദ്ര
ബീഭല്‍സ്സ രൂപവും തീര്‍ത്തു.
സംഹാര നര്‍ത്തനമാടി -തീര
ദേശം വിഴുങ്ങി കടന്നു.
ആ പോക്കിലെത്രയോ ജീവന്‍ -തന്റെ
വിരിമാറില്‍ ഏറ്റികടന്നു.
കുട്ടികള്‍, വൃദ്ധ ജനങ്ങള്‍ -നല്ല
ആരോഗ്യവാന്മാര്‍ അനേകം.
യുവതീ യുവാക്കള്‍ക്കു കൂടെ -പൂര്‍ണ
ഗര്‍ഭിണി സ്ത്രീകളും കാണും.
അയ്യോ എനിയ്ക്കാവതില്ല -എന്റെ
കൈകാല്‍ വിറയ്ക്കുന്നു സത്യം.
* * * * * ** * * * *
കുഞ്ഞിളം ചുണ്ടില്‍ വിരിയും -നറു
പുഞ്ചിരി തൂവുന്ന പൈതല്‍.
ചേതനയറ്റാ ശരീരം -കണ്ടു
ഹൃത്തടം പൊട്ടുന്നു നൂനം.
കാണുവാന്‍ പറ്റാത്ത രംഗം -കാതില്‍
വന്നടിയ്ക്കും ദീനരോദം.
മാറിടം തല്ലി തകര്‍ത്തി -ട്ടമ്മ
തേടുന്നു തന്‍ പൊന്നുമോനെ.
അച്ഛനെ കാണാതെ മക്കള്‍ -ദീന
ശബ്ദത്തില്‍ ഏങ്ങി കരഞ്ഞും.
മുള്‍ചെടിക്കാട്ടില്‍ കിടക്കും -തന്റെ
തോഴനെ കാണുന്ന ഭാര്യ.
പ്രാതല്‍ വിളമ്പി വിളിച്ച -സ്വന്തം
അമ്മയെ തെരയുന്ന മക്കള്‍.
തീര്‍ഥാടനത്തിനു പോയ -തന്റെ
പ്രിയര്‍ വിട്ടകന്ന ബന്ധുക്കള്‍.
വറ്റാത്ത കണീര്‍ കയത്തില്‍ -പെട്ടു
ജീവിച്ചു തീര്‍ക്കും ദരിദ്രര്‍.
അവര്‍ തന്നിലെന്തിന്നു വേണ്ടി -ഈശന്‍
എത്രയും ക്രൂരത കാട്ടി.
വിധിയെ പഴിയ്ക്കട്ടെ ഞങ്ങള്‍ -മറ്റു
വഴിയില്ല നീയെത്ര ധന്യന്‍.
പാതി വിടര്‍ന്ന കോണില്‍ -ജീവ-
നില്ലാതെ ചേറും പുരണ്ടും.
അര്‍ദ്ധ നഗ്നാംഗിനി ആകും -ഒരു
തരുണി ആ ചേറില്‍ കിടപ്പൂ.
ജീവന്‍ പോലിഞ്ഞെത്ര ദേഹം -ഏറെ
ദൂരത്തു മാറിക്കിടപ്പൂ.
* * * * ** * * * *
വേര്‍പെട്ടു പോയവര്‍ പോട്ടെ -ജന്മ-
മുണ്ടേല്‍ ഒരിയ്ക്കല്‍ മരിയ്ക്കും.
അതിലേറെ കാഠിന്യമല്ലോ -ജീവ-
നല്പ്പം നുരയ്ക്കുന്ന ജന്മം.
വീടും,കുടിലും തകര്‍ന്നു -തീര
ദേശത്തു ഭൂവില്ല ലേശം.
ഒരു ജന്മ സമ്പാദ്യ മെല്ലാം -അല്‍പ
നേരത്തിനുള്ളില്‍ തകര്‍ന്നു.
കൈകാല്‍ മുറിഞ്ഞും ഒടിഞ്ഞും -ദേഹ
മെല്ലാം വടുക്കള്‍ നിറഞ്ഞും.
രോഗാണു ബാധ സഹിച്ചും -മന്നില്‍
ഇനിയെത്ര നാളു കഴിയ്ക്കും.
''ജീവിച്ചു തീര്‍ക്കട്ടെ ജന്മം -പാരില്‍
അല്ലാതെ നാമെന്തു വേണം''.
ഈവിധം ചിന്തിച്ചിടാതെ -നമ്മള്‍
ഒരുമിച്ചിടേണം ജഗത്തില്‍.
നാം നമ്മിലേയ്ക്കായ് ഒളിച്ചാല്‍ -നാളെ
വന്നീടുമീ ദുഃഖ മാര്‍ക്കും.
സൂര്യന്‍ പടിഞ്ഞാറു താണു -രാവിന്‍
കൂരിരുള്‍ എങ്ങും നിറഞ്ഞു.
നാളെ പുലര്‍കാലം എത്തും -നവ്യ
ശുഭ കാലമായ് തീര്‍ന്നിടട്ടെ.
___________
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ