ജനപ്രിയ പോസ്റ്റുകള്‍‌

2010 മാർച്ച് 6, ശനിയാഴ്‌ച

പേരക്കിടാവ്‌ ( കവിത)

ഞാനിന്നലെ തെല്ലുദൂരം നടക്കാനി-
റങ്ങീ ഇളം വെയിലു കാഞ്ഞന്തി നേരം.
ഉള്ളില്‍ തിളയ്ക്കുന്ന ദുഃഖാഗ്നി നാളം
ഗമിയ്ക്കുന്നു നിശ്വാസമായ് പുറത്തേയ്ക്കും.
പകലേറെ നേരം കനല്‍ക്കട്ട ചിക്കി
പൊരിയ്ക്കുന്ന ചൂടേകിയര്‍ക്കന്‍ മറഞ്ഞു.
അകത്തും പുറത്തും നിറയ്ക്കുന്ന ചൂടില്‍
ചികഞ്ഞും, തിരഞ്ഞും നടക്കുന്നു ഞാനും.
ദിനരാത്ര മെത്ര പൊഴിക്കുന്നു കാലം
വസന്തം വരും പോകുമാര്‍ക്കുണ്ട് ചേതം.
മഞ്ഞാട കൊമ്പില്‍ വിരിയ്ക്കുന്ന കൊന്ന
വിഷുപ്പക്ഷി പാടിപ്പറക്കുന്ന വാനം.
പൂക്കള്‍ വിടര്‍ന്നേറെ നില്‍ക്കുന്ന കാടും
ചില്ലിന്‍ കണങ്ങള്‍ ചിലമ്പുന്ന തോടും.
എല്ലാരുമൊന്നെന്ന സത്യം വിതയ്ക്കും
ഓണം വരും നല്ല മാവേലി നാടും.
ഓര്‍മ്മപ്പുറത്തിറ്റു നേരം തുടിയ്ക്കും
പെട്ടെന്നു വീടിന്റെ വല്ലായ്മ പൊങ്ങും.
തേരോടി നില്‍ക്കേണ്ട ജന്മാന്ത്യ കാലം
വരാനേറെ നാളില്ല രോഗം ഗ്രസിച്ചു.
മാധുര്യമേകാത്തൊരസ്ക്കിതയ്ക്കല്‍പ്പം
മാന്ദ്യത്തിനായ് ഞാന്‍ നടക്കാനിറങ്ങി.
കാലില്‍ മൃദുത്വം തലോടുന്നതാരോ?
ചേലുളളയെന്‍ കുഞ്ഞു പേരക്കിടാവോ?
അല്ലല്ലിവള്‍ എന്റെ വീട്ടില്‍ വളര്‍ത്തും
ചെല്ലക്കിടാവായ മാര്‍ജ്ജാരിയല്ലോ.
രോമം വെളുത്തും ഇളം ചാരവര്‍ണ്ണം
കലര്‍ന്നിമ്പമേകുന്നതാം രമ്യ ദേഹം
കണ്ണില്‍ തിളങ്ങുന്ന വാത്സല്യ ഭാവം
തിണ്ണമാക്കുന്നതിന്‍ കാന്തി പ്രഭാവം.
മൂര്‍ധാവിലൂടെ കരം കൊണ്ടുഴിഞ്ഞാല്‍
പതുങ്ങിത്തരും കണ്ണുപൂട്ടിക്കിടക്കും.
ഞരങ്ങും,മൊരങ്ങും മുഴക്കത്തിലല്‍പ്പം
കരച്ചില്‍ പൊഴിയ്ക്കും പോടിക്കുഞ്ഞുപോലെ.
കള്ളത്തരം തെല്ലുകാട്ടും ഇടയ്ക്കെന്‍
രോമ പുതപ്പിന്റെ കീഴില്‍ മയങ്ങും.
മുറ്റത്തെ മാവിന്റെ തുഞ്ചത്തുകേറി
ഉറ്റുനോക്കി കണ്ണു കൂര്‍പ്പിച്ചിരിയ്ക്കും.
കുണുങ്ങിക്കുണുങ്ങി നേടും വാലുമാട്ടി
തിരിഞ്ഞെന്നെ നോക്കി നടന്നല്പ്പദൂരം.
കളിക്കുട്ടിയെപ്പോലോരുത്തന്റെ കാലില്‍
കളിയ്ക്കാനൊരുങ്ങി മറിഞ്ഞും തിരിഞ്ഞും.
ഒട്ടും രസിക്കാതെയാ ദുഷ്ടശ്രീമാന്‍
തട്ടി ത്തെറിപ്പിച്ചു നിര്‍ദ്ദയം റോഡില്‍.
രക്ഷിച്ചിടാന്‍ ഞാന്‍ ശ്രമിച്ചോടിയെത്തി
ശ്രമം പാഴിലായെന്നറിഞ്ഞു ക്ഷണത്തില്‍.
ശരം പോലെ പാറി പറക്കുന്ന വണ്ടി-
യ്ക്കടിപ്പെട്ടു ജീവന്‍ ത്യജിച്ചെന്റെ പൈതല്‍.
മാര്‍ജ്ജാരിയെന്നാലുമാ ദുഃഖമെന്നെ
തളര്‍ത്തുന്നവള്‍ എന്റെ പേരക്കിടാവോ?