ജനപ്രിയ പോസ്റ്റുകള്‍‌

2010 നവംബർ 23, ചൊവ്വാഴ്ച

യാത്രാമൊഴി (കവിത)

ഓര്‍മ്മിയ്ക്കുന്നഴകേലും
സ്മരണകളെന്‍ മനതാരില്‍
മധു തൂകി പെയ്തൊഴിഞ്ഞ
ശിശിരത്തിന്‍ ആത്മ ഭാവം.
വന്നെത്തുന്നനുദിനമെന്നില്‍
നീതന്നൊരു വസന്ത കാലം
മായാത്ത തളിര്‍ കിനാവായ്‌
പൂക്കുന്നത് വല്ലരിതന്നില്‍.
പൂപോല്‍ മൃദു,ശുദ്ധ പ്രേമം
നമ്മില്‍ ചെര്‍ന്നിഴുകി ലയിച്ചു
കതിരിട്ടു സ്വപ്നം,മോഹം
ജീവിക്കാന്‍ പ്രേരണയേകി.
കണ്ണീരിന്‍ രുചി ഭേദങ്ങള്‍
ഒന്നൊന്നായ് നമ്മള്‍ അറിഞ്ഞു
കരകാണാക്കടല്‍ കയത്തില്‍
പലനാളില്‍ മുങ്ങി പൊങ്ങി.
എന്നാല്‍ അതില്‍ ഇല്ലാ ദുഃഖം
രണ്ടില്ല ദുഃഖം നമ്മില്‍
ഒന്നായ്‌ നാം ഒത്തുകഴിഞ്ഞു
ഈ സന്ധ്യാ നേരത്തോളം.
അടരുന്നു പാഴില പോല്‍ നാം
ജീവിയ്ക്കും നാഴികയെല്ലാം
ഓര്‍മ്മിയ്കാന്‍ ഓമനിയ്ക്കാന്‍
അതിലുള്ളവ അല്‍പ്പം മാത്രം.
ഒരു കാറ്റായ് ജന്മമെടുത്തു
അലയുന്നു വീഥികള്‍ തോറും.
ജീവന്റെ നേര്‍ തുടിപ്പിന്‍
അവസാന തന്ത്രി വരേയ്ക്കും.
പൊട്ടുന്നു തന്ത്രികള്‍ ഒന്നായ്‌
അഴയുന്നു ജീവിത രാഗം.
പിരിയേണം നാം നഭസ്സില്‍
വിരിയേണം താരംപോലെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ