നീയെന്റെ മാത്രം,നീയെന്റെ തീര്‍ത്ഥം
നീയെന്റെ ഉള്ളില്‍ തെളിയ്ക്കുന്നു ദീപം.
നീയാണെനിയ്ക്കെന്റെ സര്‍വ്വസ്വമെന്നും
നിനക്കെന്റെ ജന്മ്മം സമര്‍പ്പിച്ചിടുന്നു.
ആവില്ലെനിയ്ക്കേറെ നേരം മറക്കാന്‍
ആവിര്‍ഭവിയ്ക്കുന്നു നിന്‍ സ്മേരമുള്ളില്‍.
നാദാത്മകം നിന്റെ ഓരോ വചസ്സും
താദാത്മ്യ പ്രാപ്തിയ്ക്ക് അടുക്കുന്നു ഞാനും.
മോഹം ജനിപ്പിയ്ക്കും ആകാര ഭാഷ്യം
മാല്യം മയങ്ങുന്ന മാറിന്‍ തടങ്ങള്‍.
വല്ലീ ലതയ്ക്കൊത്ത പാണിയുഗ്മങ്ങള്‍
ഉല്ലാസം ഏകുന്നിതെന്‍ അന്തരംഗം.
കാരുണ്യ ഭാവം, ആനന്ദ നേത്രം
കൈവല്യ ശന്തിയ്ക്ക് എനിയ്ക്കെന്തു വേണം.
നിന്നോട് ഞാന്‍ ഒതിടുന്നെന്റെ ഉള്ളം
നീ എന്നിലേയ്ക്കായ് ലയിക്കുന്ന നേരം.
നമ്മില്‍ ജനിയ്ക്കാത്ത രണ്ടെന്ന ഭാവം
സമ്മേളനത്തിന്റെ ശ്രേഷ്ഠ സ്വഭാവം.
സ്വകാര്യങ്ങള്‍ എല്ലാം പറഞ്ഞാലും എന്നില്‍
സ്വീകാര്യം ആകുന്നതോ നിന്റെ ഇഷ്ടം.
നീ തന്നെ ഞാനായ് ഞാന്‍ തന്നെ നീയായ്
നിത്യം ലസിയ്ക്കാന്‍ സ്മരിയ്ക്കുന്നു നിത്യം.
നീയെന്റെ സ്വന്തം,നീയെന്റെ ഉള്ളം
നാം രണ്ടും ഒന്നായ് കഴിഞ്ഞീ നിമേഷം.
.......................................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ