ജനപ്രിയ പോസ്റ്റുകള്‍‌

2017, ഒക്‌ടോബർ 28, ശനിയാഴ്‌ച

മൂശാരിയുത്സവം
..............................
ജിനദേവൻ,വെളിയനാട്

സൂര്യപ്രഭാ കിരണകാന്തിയണഞ്ഞു ഭൂവിൽ
നേർമഞ്ഞുതുള്ളിയതുകണ്ടു ചിരിച്ചു നിന്നൂ.
ഈ ലോകമാകെയതിലുണ്ടൊരു പൊട്ടു പോലേ
എല്ലാം തെളിഞ്ഞുവരുമല്പമിരുന്നു കണ്ടാൽ.

ദൂരേ നദിക്കരയൊടൊട്ടകലത്തു മാറി -
ച്ചേലുറ്റദേശ,മവിടുണ്ടൊരു ദേവശില്പി.
ഏതുഗ്രദേവതയുമാ, കര നൈപുണിക്കു -
കീഴ്പ്പെട്ടിരുന്നു ശിലയിൽ, തരു, ലോഹമായും.

ആരുണ്ടറിഞ്ഞു നവയോഗ വിയോഗമെല്ലാം
ആരാൽക്കൊരുത്തു സുഖദുഃഖ ഗുണങ്ങൾ വാഴ്വിൻ
ആരാർക്കു നാളെയതിമേൽഗതിവീഥി തീർക്കും
ചൊല്ലാവതല്ല, നിയതിക്കെഴുമന്തരംഗം!

പ്രാതൽ കഴിഞ്ഞു കരശുദ്ധി വരുത്തിമോദാൽ
താംബൂലമിട്ടു നിറവാക്കിയ വായ്ത്തുരുത്തിൽ
ഇറ്റിറ്റുതിർന്ന നിണശോഭയെഴുന്ന തുപ്പൽ
മെല്ലെത്തുടച്ചിടതു കൈപ്പടമുൾവശത്തായ് .

കണ്ടേൻകടത്തു കടവിങ്കലതാൾത്തിരക്കാ -
ണെന്തെന്നുനോക്കി മുടി കെട്ടിയൊതുക്കി ശില്പി
മൂശപ്പൊടിക്കരി നിറഞ്ഞയുടുത്ത മുണ്ടും
മെല്ലെക്കുടഞ്ഞു നിവരുന്നെളി നേരെയാക്കി.

കാണാമടുത്തുവരുമാ ജനസഞ്ചയത്തിൻ
മുന്നിൽ പിടിച്ച കൊടിയിൽ തിരുരാജ ചിഹ്നം
നേരേ നടന്ന വരുവന്നകമെത്തി നില്പൂ
കമ്മാള ശില്പ്പിയുടെ ഗേഹ നിഴൽപ്പരപ്പിൽ .

മന്ത്രിക്കു ചേർന്നവിധമൊത്തൊരുവന്നൊടൊപ്പം
സേനാംഗമായിരുവരുണ്ടു തുണയ്ക്കു പോന്നോർ
വാക്കയ്യുപൊത്തി ചിലദേശികരങ്ങു മാറീ -
നില്പാണു കാര്യമറിയാനതിയാഗ്രഹത്തിൽ .

പൂർണ്ണാ നദിക്കരയിലുള്ളൊരു കോവിൽ തന്നിൽ
പൂർണ്ണത്രയീശനുടെ ബിംബമൊരുക്കിടാനായ്
രാജ്യാധികാരിയുടെ നീട്ടുകൊടുത്തു മോദം
ത്വഷ്ട പ്രമാണിയൊടു യാത്ര പറഞ്ഞു കൂട്ടർ.

സന്താന ഗോപപരിപാലക വിഷ്ണുരൂപം
ഹൃത്തിൽ കുറിച്ചഴകൊടാത്മ നിവേദ്യമായി
ചാലേ മെനഞ്ഞു മെഴുകിൽ മിഴിവേകിടും ശ്രീ -
പൂർണ്ണത്രയീശ ശുഭദായക ബിബകാവ്യം.

നന്നായരച്ച തരിമണ്ണു പതിച്ചുണക്കീ
തീയിട്ടുരുക്കി മെഴുകാകെയെടുത്ത ശേഷം
മൂശയ്ക്കകത്തുരുകിടുന്നൊരു പഞ്ചലോഹം
ശ്രദ്ധിച്ചെടുത്തു കരുവിന്നകമായ് നിറച്ചു.

പൊട്ടിത്തകർന്നു കരു ചോർന്നു നിലത്തു തൂവീ
ലാവ ദ്രവത്തിനൊടു ചേർന്ന വിധത്തിലെങ്ങും
എല്ലാമൊരിറ്റു സമയത്തിനകം പൊലിഞ്ഞൂ
ശില്പീഹൃദത്തമൊരു തീക്കനലായി മാറീ .

വീണ്ടും രചിച്ചു മെഴുകിൽ ഹരിരൂപഭാവം
മണ്ണിൽ പൊതിഞ്ഞു മെഴുകൂറ്റി നിറച്ചു ലോഹം
പണ്ടേക്കണക്കു തകരുന്നതു കണ്ടു ശില്പീ
ബോധം ക്ഷയിച്ചിതടിതെറ്റി നിലത്തു വീണു.

ക്ഷേത്രപ്രതിഷ്ഠദിനമെത്തിയ കത്തുമായി -
ച്ചാരത്തണഞ്ഞ നൃപ സേവകനോടുണർത്തി
ഒന്നല്ല രണ്ടു മുറ ഞാൻ തിരുദേവ രൂപം
നിർമ്മിച്ചുടഞ്ഞു, മമഹൃത്തുമതേ വിധത്തിൽ.

മൂന്നാമതുഗ്രതപനിഷ്ഠയൊടാ വരേണ്യൻ
ഭംഗ്യാരചിച്ചു ശിശുപാലക മൂർത്തി രൂപം.
ചെമ്മേയരച്ചതരിമണ്ണു പൊതിഞ്ഞതിന്മേൽ
കട്ടിക്കു മണ്ണു പശയുള്ളതു തേച്ചുണക്കി.

ഏതോ നിഗൂഢത മറഞ്ഞു നിറഞ്ഞു നിന്ന -
ക്കമ്മാളശാലയകമേ, തുറുകണ്ണുചിക്കി.
ഭാവം കനത്തു മഴപെയ്തു ദശാഠ്യ മോടെ -
കാറ്റേറെ വീശിയരുതാത്തൊരു കാലമാക്കി.

കാലേ കുളിച്ചു കുറിയിട്ടു വിശുദ്ധനായി -
ട്ടഗ്നിക്കുവച്ച കരുവിൻ മെഴുകൂറ്റിവച്ചൂ.
ഉള്ളിൽ നിറഞ്ഞ ഹരിനാമജപങ്ങളാലേ
ത്വഷ്ടൻ പകർന്നുരുകിടുന്നൊരു പഞ്ചലോഹം.

ഹൃത്താർ വിറച്ചു ചെറുചിന്നലു വീണ്ടുമെത്തീ
കെട്ടിപ്പിടിച്ചു കനലായിയെരിഞ്ഞു നിൽക്കേ.
ഞെട്ടിത്തെറിച്ചു നില വിട്ടു കരഞ്ഞു ശില്പീ
പൂർണ്ണത്രയീശയടരല്ല,ടരല്ലെ ദേവാ.

ബിംബം തണുത്തു,കനലാറി, യുറഞ്ഞു കൂടീ
പൂർണ്ണത്രയീശനിലലിഞ്ഞിതു ദേവശില്പി.
ആ വിശ്വകർമ്മജനൊടുള്ളതിയാദരത്താൽ
മൂശാരിയുത്സവമതിന്നു വരേയ്ക്കുമുണ്ടാം.

2015, ജനുവരി 27, ചൊവ്വാഴ്ച

പിതാമഹൻ

        

ഹരിതവര്‍ണ്ണസുശോഭിതമായിടും 
മരസമൂഹ മനോഹര കേരളം 
കരളുവെന്തുകരഞ്ഞു വിളിപ്പതെന്‍ 
കരളിലാഞ്ഞു പതിച്ചിടുമെപ്പൊഴും 

തെരുവിലായ് തണലേകി മൃദുത്വമാം 
തളിരിലച്ചെറു മർമ്മര ഗീതമായ് 
തരളപത്ര വിരാജിത ശാഖയാല്‍ 
തലയുയര്‍ത്തിയൊരാൽമരമോർമ്മയായ് !

അവിടെയാ ചെറുനാട്ടുവഴിക്കുചേര്‍-
ന്നരുകിലായ് ചിരകാലമഭേദനായ്
അരുകിലെത്തിടുമാരെയുമുണ്മയാ-
ലനുദിനംകുളിർ കാറ്റു പകർന്നിടും.

നെടിയനാടുവരിച്ച സുഖങ്ങളും, 
നെടിയകാല ദുരന്ത മുഹൂർത്തവും.
നെടിയമാറ്റ,മുയർച്ച,യിറക്കവും 
നെടിയൊരാൽമരമുണ്ടു ഗൃഹസ്ഥനായ്.

നഗര മാർഗ്ഗമെളുപ്പമൊരുക്കുവാൻ 
നലമൊടാഗ്രഹമാര്‍ന്ന ജനപ്രിയര്‍ 
നിയതി കേന്ദ്ര മരത്തെ മുറിക്കുവാന്‍ 
നിയത ചര്‍ച്ച നടത്തിയനേരവും . 

കരുണയുള്ളൊരു താതനു തുല്യമായ് 
കരപുടത്തൊടെ പത്രശതങ്ങളാൽ 
കഴിവിനൊത്തു നിഴല്‍വിരിവച്ചു,ഹാ!
കരുണതേടി പദങ്ങൾ നമിച്ചിടാം.

പ്രകൃതിതന്റെ പിതാമഹനീ മരം 
സുകൃതകാലദുരന്ത കഥാ ഫലം. 
വികൃതചിന്ത,ധനാഗ്രഹബുദ്ധികൾ 
തകൃതിയില്‍ക്കൊലപാശമെറിഞ്ഞിതേ! 

കരുണയോടധികാരമെഴുന്നവർ 
പെരുവഴിക്കൊരു മാറ്റമൊരുക്കുകിൽ 
കരകവിഞ്ഞു പരന്നൊഴുകും നിഴൽ 
കരുതി വച്ചു ജനത്തിനു നല്കിടാം.

അവരതിൽ പ്രിയമാണ്ടതുമില്ല,യാ- 
ലവനിവിട്ടു പിരിഞ്ഞിതു ജീവനും 
അവശരായ വയോജന വൃന്ദവും 
അവജയിച്ചു കിടക്കുമിതേ വിധം.

ഒരു കാത്തിരിപ്പ്

     

ഹൃദയകമലം ഇതൾ വിടർത്തുന്നീ നിമേഷത്തിൽ 
ചകിതയാമൊരു കിളിതൻ രോദനം കവിതയാകുന്നു.

കരൾ പിടഞ്ഞവളാർത്തനാദച്ചുഴിയിലുലയുമ്പോൾ 
വിസ്മരിക്കുവതെങ്ങിനേ ഞാൻ മനുജനാണെങ്കിൽ 

പണ്ടു പൂർവ്വികർ പാടിത്തന്നീ കൊച്ചുമാലനാട്ടിൽ 
മനുഷ്യരൊന്നായൊരുമനസ്സായ് വാണിരുന്നെന്നും 

കാലയവനിക താണുയർന്നു കൊഴിഞ്ഞു വർഷങ്ങൾ 
അടിമയായ് പിന്നുടമയായിന്നുലകു കൈകളിലായ് 

ഒരുവിരിപ്പിൽ,ഒരുപുതപ്പിൽ,ഒരുവികാരത്തിൽ 
ഹിന്ദു,ക്രിസ്ത്യൻ,മുഹമ്മദീയരുമൊത്തുചേർന്നിവിടെ 

ഹൃദയശുദ്ധി തകർത്തു കയ്യിൽ കൊടിയ വാൾത്തലകൾ 
ഉയരുവാനിടയാക്കിയല്ലോ മതങ്ങൾ രാഷ്ട്രീയം 

കയ്യുവെട്ടി,തലയറുത്തു കള്ളുവിഷമാക്കി 
ഗൂഡമായ് പണസഞ്ചി നേടാൻ കരുവൊരുക്കുന്നു .

അറിവുനേടിയ മർത്ത്യരൊത്തിരിയഴിമതിക്കകമേ  
മറവെടിഞ്ഞു കുളിച്ചു നാട്ടിൽ തേർ തെളിക്കുന്നു.

മനസ്സുനീറും വിലാപങ്ങൾക്കൊപ്പമൊരുകിളിയും 
പുതിയ ചേതന കണ്‍ തുറക്കാൻ കാത്തിരിക്കുന്നു.

അവരൊരുക്കും പുതിയ നാടിൻ പുതുമ കാണാനായ് 
കാത്തിരിപ്പൂ കിളിയൊടൊപ്പമീ വിരൽത്തുമ്പും.

2012, ഒക്‌ടോബർ 17, ബുധനാഴ്‌ച

കാമിനിയോട്



ഓര്‍മ്മിയ്ക്കു തോഴി ഈ ജീവിതം,നാളെ നാ-
മൊരുവേള രണ്ടായ് പിരിഞ്ഞു പോകാം.

ഒരു വാക്കു മിണ്ടാതെ ഒരു നോക്കുകാണാതെ
ഒരു ചെറു പുഞ്ചിരി നല്കിടാതെ.

അനുരക്തരായി നാമൊരുമിച്ച നാളുതൊ-
ട്ടിന്നോള മെന്നില്‍ നിറഞ്ഞു നില്‍ക്കെ

പിരിയുവാന്‍ വയ്യെനിക്കെങ്കിലും ജീവിതം
നമ്മെപ്പിരിച്ചിടും ഇക്ഷണത്തില്‍.

ഉള്‍ത്തുടുപ്പില്‍ ചേര്‍ന്നലിഞ്ഞിടും നിന്‍ സ്നേഹ-
മധുരാനുഭൂതിയില്‍ ഞാനുയിര്‍ക്കും.

പാര്‍വ്വണ സന്ധ്യയില്‍ സുസ്മേരയായി നീ
വന്നെത്തിടുന്നതും കാത്തുനില്‍ക്കും.

അറിയുന്നു,നീയെനിക്കേകിയ മന്ദാര -
മലര്‍ഗന്ധമൊഴുകുന്ന തൂ നിലാവും.

അറിയുന്നു, ഭാവനാദീപ്തമാം നിന്നുടെ
ഗൂഡ സ്മിതത്തിന്നകം പൊരുളും.

സര്‍ഗ്ഗ പ്രപഞ്ചത്തിലെന്‍ കളിത്തോഴിയായ്
സഞ്ചരിച്ചീടുക നിത്യമായി,

2012, മേയ് 4, വെള്ളിയാഴ്‌ച

നിനവ്


ചെറിയ കുഞ്ഞിന്‍ പാദമോടെ ഞാന്‍ നടന്നെത്തി
എന്റെ ബാല്യം പൂവിരിച്ചോരെന്‍ ഗൃഹത്തിങ്കല്‍.
മധുരനീരും കൈപ്പുനീരും ഒത്തുചേര്‍ന്നലിയും
ആ മനോഹര ഹര്‍മ്മ്യമുറ്റത്തേകനായ് ഞാനും.
കണ്‍കളവിടം പരതിയോര്‍മ്മക്കൂടു പൊട്ടിച്ചു
മധു നിറഞ്ഞ ശൈശവത്തിന്‍ സ്മരണയും പൂത്തു.
അച്ഛനമ്മ പ്രിയസഹോദരരൊത്തു മോദത്തില്‍
താമസിച്ച നല്ലകാലം മിഴി തുറക്കുന്നു.
എത്രയെത്ര വിഷുപ്പുലരി കണ്ടിരുന്നവിടെ
എത്രയെത്ര ഓണപ്പൂങ്കുയില്‍ പാടിവന്നിവിടെ.
ആടിമാസക്കാലവാവും സര്‍പ്പപൂജകളും
ശ്ലോകസദസ്സും കൂട്ടുകെട്ടും എത്രയാനന്ദം.

ശബ്ദമില്ലാതനാഥത്വമേറ്റൊരെന്‍ വീടിന്‍
മുറ്റമാകെ വളര്‍ന്ന പുല്ലാല്‍ മൂടിനില്‍ക്കുന്നു.
എന്റെ അച്ഛനിരുന്ന ചാരുകസാലയെ നോക്കി
തെല്ലുനേരം മിഴിയടച്ചു ഞാന്‍ സ്മരിക്കട്ടെ.

ആ വിയര്‍പ്പിന്‍ ‍പാടിലറിയാതെന്‍ വിരല്‍ തൊട്ടു
സുഖദമാമൊരു തെന്നലെത്തി തഴുകി ശീതളമായ്.
ആ സുഖത്തിലലിഞ്ഞു ഞാനതിലല്‍പ്പമമരട്ടെ
ആ ഹൃദന്തത്തിന്നഗാധത അല്‍പ്പമറിയട്ടെ.

എത്ര പെട്ടന്നാതണല്‍മരമൂഴിയില്‍ വീണു
എത്ര ജീവിതശാഖകള്‍ക്കതു പ്രഹരമേല്‍പ്പിച്ചു.
ജീവനില്ലാ തടിതന്‍ വേരുകള്‍ ഞങ്ങളായ് മാറി
അതിലെയിതിലെയലഞ്ഞു മെല്ലെ കൂമ്പുകള്‍ പൊട്ടി.

പലയിടത്തില്‍ പല കരുത്തില്‍ പല തണല്ക്കൂട്ടില്‍
വളര്‍ന്നീടിന തായ് വേരും തടിയുമൊന്നല്ലോ.
കണ്ണടച്ചാല്‍ തിരശ്ശീലച്ചിത്രമോടുംപോല്‍
ഭൂതകാലം മിന്നിമായും ഓര്‍മ്മയില്‍ വീണ്ടും.

ഞാനൊരല്‍പ്പം മയങ്ങിപ്പോയ് അല്ലലില്ലാതെ
സംരക്ഷിത കവചമെന്നെ മൂടിടുന്നിവിടെ.
മുരടനക്കി ഭിത്തി തൊട്ടെന്നമ്മയണയുന്നു
ആ കണ്ണിന്‍ ദുഃഖ ഭാരം ഞാനുമറിയുന്നു.

തായ് തടിയില്‍ നിന്നു ചേതന വിട്ടകന്നപ്പോള്‍
അര്‍ദ്ധ ജീവന്‍ കൊണ്ടു ഞങ്ങളെ പോറ്റിയെന്നമ്മ.
ഇന്നു ഞങ്ങള്‍ക്കൊത്തു ചേരാന്‍ സമയമില്ലല്ലോ
ആ കരത്തിന്‍ ലാളനക്കിനി നേരമില്ലല്ലോ.

ജീവിതത്തിന്‍ ഭാര ഭാണ്ഡവുമേറിയലയുമ്പോള്‍
അമ്മയെത്തും ഉള്ളിലെന്നും നിത്യ സാന്ത്വനമായ്.
എന്നെ നോക്കി മിഴി തുടച്ചുരിയാടിയെന്നമ്മ
എത്ര നാള്‍ ഞാന്‍ നിന്നെ നോക്കി കാത്തിരുന്നിവിടെ.

എന്നടുത്തേയ്ക്കെത്തി, ആ വിരലെന്‍ മുടിക്കുള്ളില്‍
മെല്ലെ മെല്ലെയമര്‍ത്തി കുശല ചോദ്യമെയ്തമ്മ.
അമ്മതന്‍ കൈപ്പുണ്ണ്യമേറും കഞ്ഞിയും, കറിയും
സ്നേഹമോടെ വിളമ്പിയൂട്ടി;തൃപ്തനായ്‌ ഞാനും.
വീണ്ടുമവിടം വിട്ടു പോകാതൊക്കുകില്ലല്ലോ
നാളെ ഞാനും ഈ വിധത്തില്‍ കാത്തിരിക്കില്ലേ? ‍ ‍ ‍

‍ ‍ ‍ (ഇന്നു അമ്മയും ഞങ്ങളെ വിട്ടുപിരിഞ്ഞു.)  


2012, മാർച്ച് 25, ഞായറാഴ്‌ച

ഓര്‍മ്മയിലെ കണിക്കൊന്ന

'
'കൊന്നയ്ക്കുള്ളിലുണര്‍ന്നു ഹര്‍ഷമുടനേവന്നെത്തിടും മേടവും
പൊന്നിന്‍ കാന്തി നിറഞ്ഞിടുന്ന മലരോ തൂക്കാമിനിച്ചില്ലയില്‍.
മന്നിന്‍ മാറിലെനിക്കു വേറെ സുകൃതം എന്തുണ്ടു വാര്‍തിങ്കളേ
നിന്നോമല്‍ ചെറുമാനിനൊത്തിവിടെ നീ എത്തൂവിഷുക്കാലമായ്. ''

അന്നെന്‍ ഗ്രാമവഴിക്കു ചേര്‍ന്നൊരു വശത്തുണ്ടായിരുന്നോമലാം
കൊന്നപ്പൂച്ചെടിയിമ്പമാര്‍ന്ന തളിരും കൊമ്പും നിറഞ്ഞങ്ങനെ.
എന്നും ഞാനതിലേനടന്നുവരവേ ചെല്ലക്കുരുന്നാം ചെടി-
യ്ക്കെന്തോ ചൊല്ലണമെന്നമോഹമതിനാല്‍ ചാഞ്ചാടിനിന്നീടിനേന്‍.

മാറിപ്പോകുക സാധ്യമല്ല വിനയം കൈവന്നൊരാള്‍ക്കും തുലോം
നേരും നന്മയുമുള്ളവര്‍ക്കുമതിനെക്കാണാതിരുന്നീടുവാന്‍.
ആരും തന്നെ നിനച്ചതില്ല തണലും താങ്ങും തരും മട്ടിലാ-
ചേറില്‍ നിന്നൊരു പുണ്ണ്യജന്മമവരെക്കണ്‍പാര്‍ത്തിരിക്കുന്നതായ്.

കണ്ണിന്‍ മുന്നിലിരുന്നൊരാള്‍ ഝടുതിയില്‍ നേരേ നിവര്‍ന്നെന്നപോ-
ലെണ്ണിക്കൊണ്ടു ദിനം കടന്നു ചെടിതന്‍ തണ്ടും വളര്‍ന്നൂ ക്ഷണം.
വിണ്ണില്‍ നിന്നു കനിഞ്ഞ പുണ്യമഴകായ് പുല്‍കിപ്പുതപ്പിച്ചു നല്‍
വര്‍ണ്ണപ്പട്ടുമണിഞ്ഞു കൊന്നനിറയേ പൊന്നിന്‍ മണിച്ചാര്‍ത്തിനാല്‍.

ബാല്യം വിട്ടുകടന്നു വന്നു കരളില്‍ കവ്മാര സങ്കല്‍പ്പവും
മാല്യം ചാര്‍ത്തിയ യവ്വനപ്പടികളും ചെമ്മേ കടന്നൂ പ്രിയം.
അല്ലല്‍ തെല്ലുമറിഞ്ഞിടാതെ ഭുവിയില്‍ വേരോടി ജീവിക്കുവാ-
നെല്ലാംതന്നെ പഠിച്ചു,നിത്യമവിടം ചോലക്കറുപ്പേകിനാന്‍.

എന്നോടൊത്തു വളര്‍ന്നതും മനസുകള്‍ തമ്മില്‍ക്കൊരുത്തെന്നതും,
ഇന്നെന്‍ കണ്ണിനു ഗോപ്യമായി നിറയേ പൂമൊട്ടൊരുക്കുന്നതും.
ചിന്നും വെണ്മപടര്‍ന്ന നിന്റെയഴകില്‍ നാട്ടാര്‍ മദിക്കുന്നതും
തന്നേയോര്‍ത്തു മരന്ദമുണ്ടു കഴിയും എല്ലാ വിഷുക്കാലവും.

ഏറെക്കാലമകന്നശേഷമൊരുനാള്‍ നിന്നോടടുത്തെത്തവേ
ഏനക്കേടുകള്‍ വന്നടിഞ്ഞ തരുമെയ് കണ്ടെന്‍ കരള്‍ കാഞ്ഞുപോയ്
എങ്ങും വാര്‍ന്ന ചലങ്ങളും, പ്രഹരമേറ്റുണ്ടാം വ്രണപ്പൊറ്റയും
എല്ലില്‍ ചേര്‍ത്തുകുറിച്ച മുദ്ര ചതുരക്കള്ളിക്കകത്താക്കിയും.

മേലേ ചില്ലയിലാകെ തൂങ്ങി നിറയും നാടിന്‍ പരസ്യങ്ങളും
കാലേ കൂട്ടിയ കൂട്ടിലിട്ട കിളിതന്‍ മുട്ടയ്ക്കകം പൈതലും.
ചെല്ലക്കൊമ്പിലലിഞ്ഞുചേര്‍ന്ന കൃഷിയാള്‍ തൂങ്ങിപ്പിടയ്ക്കുന്നതും
എല്ലാം നിന്റെ തടിക്കുചുറ്റുമതിനാല്‍ ഏറെത്തപിപ്പൂ മനം.

എന്നാലോര്‍ക്കുക നിന്നൊടൊപ്പമിവനും നീറുന്നു ദുഃഖങ്ങളാ-
ലെല്ലാം ജീവിത യാത്ര തന്നിലമൃതായ് ഭക്ഷിച്ചു തീര്‍ത്തീടിലും
ഏനംപോലെ ഭുജിച്ചിടുന്നൊരമൃതും പാഷാണമായിട്ടണ-
ഞ്ഞെല്ലാം തീര്‍ത്തിടുമെന്നുചൊല്‍വു ബുധരും നാടിന്‍മഹത്തുക്കളും.

കാലം പോയിമറഞ്ഞിടുന്നവനിയില്‍ ഇല്ലില്ലയൊന്നും സ്ഥിരം
കാലക്കേടുകള്‍ വന്നു പോകുമൊരുനാള്‍ നമ്മള്‍ ചിരിക്കും സഖേ.
കൊന്നപ്പൂങ്കുലതോരണങ്ങളുയരും നിന്‍ ചില്ലതന്നില്‍ തളിര്‍-
ക്കാറ്റാല്‍ മര്‍മ്മര നാദമാകെനിറയും മേടം കടന്നെത്തവേ.