ജനപ്രിയ പോസ്റ്റുകള്‍‌

2011 ഏപ്രിൽ 2, ശനിയാഴ്‌ച

കൈനീട്ടം

ചെറുപുഞ്ചിരി തൂകിക്കൊണ്ടണയും ചെറുവെയിലില്‍
കുളിരാറ്റി കതിര്‍ചൂടി വരവേല്‍ക്കുക വിഷു നാം.
മേടത്തിനു കണിയായ് നറു കൊന്നപ്പൂ തൂക്കി
പ്രകൃതീ സഖി, ഇവളും വിഷു വരുവാന്‍ കൊതി കൊള്‍വൂ.
ചിലനേരത്തെന്നുള്ളില്‍ നെടുവീര്‍പ്പിന്‍ തരിപോല്‍
കളകൂജന മൊഴിയെത്തും 'വിത്തും കൈക്കോട്ടും'
പുലര്‍ കാലത്തെങ്ങോ, എന്നമ്മക്കരമേന്തി
മിഴിപൂട്ടി തടവിക്കൊണ്ടണയും കണികാണ്മാന്‍
കണിവെള്ളരിയുണ്ടാം നിറ കൊന്നപ്പൂവുണ്ടാം
പലമാതിരി പല വൃക്ഷക്കായ്‌ കനികളുവുണ്ടാം.
മുല്ലപ്പൂവിതളായൊരു സ്വര്‍ണത്തിന്‍ ഹാരം
മാതാവിന്‍ മാറില്‍ ചേര്‍ന്നിഴുകീടും ഹാരം
മങ്ങാതൊളി മിന്നീടുന്നിന്നും, എന്നുള്ളില്‍
ബാല്യക്കുളിര്‍ പെയ്യിക്കുന്നോര്‍മ്മകളാണെല്ലാം.
വാല്‍വച്ചൊരു കണ്ണാടി തെളിയും നെയ്‌നാളം
എരിയും സാമ്പ്രാണിത്തിരിയതുപാകും ഗന്ധം
മഞ്ഞത്തുകില്‍ ചാര്‍ത്തിക്കുഴലൂതുന്നൊരു കണ്ണന്‍
എന്നെന്നും ഉള്‍ത്താരിനു കണിയാകും ദേവന്‍.
കമ്പിത്തിരി,കുരവപ്പൂ, മേശപ്പൂ ചേലില്‍
കമ്പക്കെട്ടതിലൂടെ പകരുന്നാഹ്ലാദം.
മമ ബാല്യ പടിവാതിലിലെത്തിത്തിരയുമ്പോള്‍
കൈനീട്ടം നല്കുന്നെന്നോര്‍മ്മയിലായച്ഛന്‍ ...