കാതില്‍ വന്നെത്തുന്നനുപമേ നിന്നുടെ
ഹൃദ്യാനുരാഗ പദമന്ത്രണം.
ശ്രാവണസന്ധ്യ തന്‍ സ്നേഹരാഗങ്ങളായ്
നീ പെയ്തിറങ്ങുന്നഗാധ ഹൃത്തില്‍.
സഹ്യാദ്രിയില്‍ ചാഞ്ഞുറങ്ങുന്ന കൈരളീ
നിന്‍ രൂപ ഭംഗിയില്‍ ഞാന്‍ മയങ്ങി.
എന്നും വരയ്ക്കുന്നതുള്‍ത്താരിലാകയും
നവ്യാനുരാഗിണീ നിന്റെ ചിത്രം.
പുലരിയില്‍ മഞ്ഞണിഞ്ഞാറ്റില്‍ കുളിച്ചു
ഹരിചന്ദനക്കുറി ചാര്‍ത്തിടുന്നു.
മഞ്ഞിന്‍കണിക നിന്‍ കാര്‍കൂന്തലില്‍ ഞാന്നു
ഊയലിട്ടാടിക്കളിച്ചിടുന്നു.
ദിവ്യ്വഷധക്കൂട്ടണിഞ്ഞിടും മേനിയില്‍
അഷ്ടസുഗന്ധം നിറഞ്ഞുനില്‍ക്കും
കാനന ശീതള നിര്‍വൃതി പുല്‍കിടും
നിന്നെഞാന്‍ വാരിപ്പുണര്‍ന്നിടുന്നു.
പച്ചത്തലപ്പാട്ടി നില്‍ക്കുന്ന കേരവും
നെല്‍പ്പാടമൊക്കെയും പട്ടുചേല.
ആചേലമൂടിടും മാറിടമാകവേ
സ്നേഹം നിറയ്ക്കും അമൃത ദുഗ്ദ്ധം.
പലദിവ്യ ചിന്തകള്‍ ലോലമാം നിന്നുടെ
കങ്കണക്കൂട്ടമായ് മാറിടുമ്പോള്‍
സുസ്മേരയായ് നീയുറങ്ങുന്നു ശാന്തമായ്
മണ്ണിലെ അപ്സരസ്സെന്നപോലെ.
പൂഞ്ചോല മാലയായ് തീരുന്നു മാറിലും,
കര്‍ണ്ണികാരം കൊണ്ടു ഞാത്തിടുന്നു.
മാന്തളിര്‍ മേനിയെ ചുറ്റിക്കിടക്കുന്ന
നെല്‍ക്കതിര്‍ പൊന്നരഞ്ഞാണമെത്ര.
നിന്‍ പാദ ദാസിയായ് നില്‍ക്കുന്ന സാഗരം
തിരയാലെ വെള്ളിച്ചിലമ്പു തീര്‍പ്പു.
ആ കള നാദത്തിലുന്മാദ ഹൃത്തുമായ്
കൈരളി നിന്നിലലിഞ്ഞിടും ഞാന്‍.
2011 ജൂലൈ 1, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)

