ജനപ്രിയ പോസ്റ്റുകള്‍‌

2012 മേയ് 4, വെള്ളിയാഴ്‌ച

നിനവ്


ചെറിയ കുഞ്ഞിന്‍ പാദമോടെ ഞാന്‍ നടന്നെത്തി
എന്റെ ബാല്യം പൂവിരിച്ചോരെന്‍ ഗൃഹത്തിങ്കല്‍.
മധുരനീരും കൈപ്പുനീരും ഒത്തുചേര്‍ന്നലിയും
ആ മനോഹര ഹര്‍മ്മ്യമുറ്റത്തേകനായ് ഞാനും.
കണ്‍കളവിടം പരതിയോര്‍മ്മക്കൂടു പൊട്ടിച്ചു
മധു നിറഞ്ഞ ശൈശവത്തിന്‍ സ്മരണയും പൂത്തു.
അച്ഛനമ്മ പ്രിയസഹോദരരൊത്തു മോദത്തില്‍
താമസിച്ച നല്ലകാലം മിഴി തുറക്കുന്നു.
എത്രയെത്ര വിഷുപ്പുലരി കണ്ടിരുന്നവിടെ
എത്രയെത്ര ഓണപ്പൂങ്കുയില്‍ പാടിവന്നിവിടെ.
ആടിമാസക്കാലവാവും സര്‍പ്പപൂജകളും
ശ്ലോകസദസ്സും കൂട്ടുകെട്ടും എത്രയാനന്ദം.

ശബ്ദമില്ലാതനാഥത്വമേറ്റൊരെന്‍ വീടിന്‍
മുറ്റമാകെ വളര്‍ന്ന പുല്ലാല്‍ മൂടിനില്‍ക്കുന്നു.
എന്റെ അച്ഛനിരുന്ന ചാരുകസാലയെ നോക്കി
തെല്ലുനേരം മിഴിയടച്ചു ഞാന്‍ സ്മരിക്കട്ടെ.

ആ വിയര്‍പ്പിന്‍ ‍പാടിലറിയാതെന്‍ വിരല്‍ തൊട്ടു
സുഖദമാമൊരു തെന്നലെത്തി തഴുകി ശീതളമായ്.
ആ സുഖത്തിലലിഞ്ഞു ഞാനതിലല്‍പ്പമമരട്ടെ
ആ ഹൃദന്തത്തിന്നഗാധത അല്‍പ്പമറിയട്ടെ.

എത്ര പെട്ടന്നാതണല്‍മരമൂഴിയില്‍ വീണു
എത്ര ജീവിതശാഖകള്‍ക്കതു പ്രഹരമേല്‍പ്പിച്ചു.
ജീവനില്ലാ തടിതന്‍ വേരുകള്‍ ഞങ്ങളായ് മാറി
അതിലെയിതിലെയലഞ്ഞു മെല്ലെ കൂമ്പുകള്‍ പൊട്ടി.

പലയിടത്തില്‍ പല കരുത്തില്‍ പല തണല്ക്കൂട്ടില്‍
വളര്‍ന്നീടിന തായ് വേരും തടിയുമൊന്നല്ലോ.
കണ്ണടച്ചാല്‍ തിരശ്ശീലച്ചിത്രമോടുംപോല്‍
ഭൂതകാലം മിന്നിമായും ഓര്‍മ്മയില്‍ വീണ്ടും.

ഞാനൊരല്‍പ്പം മയങ്ങിപ്പോയ് അല്ലലില്ലാതെ
സംരക്ഷിത കവചമെന്നെ മൂടിടുന്നിവിടെ.
മുരടനക്കി ഭിത്തി തൊട്ടെന്നമ്മയണയുന്നു
ആ കണ്ണിന്‍ ദുഃഖ ഭാരം ഞാനുമറിയുന്നു.

തായ് തടിയില്‍ നിന്നു ചേതന വിട്ടകന്നപ്പോള്‍
അര്‍ദ്ധ ജീവന്‍ കൊണ്ടു ഞങ്ങളെ പോറ്റിയെന്നമ്മ.
ഇന്നു ഞങ്ങള്‍ക്കൊത്തു ചേരാന്‍ സമയമില്ലല്ലോ
ആ കരത്തിന്‍ ലാളനക്കിനി നേരമില്ലല്ലോ.

ജീവിതത്തിന്‍ ഭാര ഭാണ്ഡവുമേറിയലയുമ്പോള്‍
അമ്മയെത്തും ഉള്ളിലെന്നും നിത്യ സാന്ത്വനമായ്.
എന്നെ നോക്കി മിഴി തുടച്ചുരിയാടിയെന്നമ്മ
എത്ര നാള്‍ ഞാന്‍ നിന്നെ നോക്കി കാത്തിരുന്നിവിടെ.

എന്നടുത്തേയ്ക്കെത്തി, ആ വിരലെന്‍ മുടിക്കുള്ളില്‍
മെല്ലെ മെല്ലെയമര്‍ത്തി കുശല ചോദ്യമെയ്തമ്മ.
അമ്മതന്‍ കൈപ്പുണ്ണ്യമേറും കഞ്ഞിയും, കറിയും
സ്നേഹമോടെ വിളമ്പിയൂട്ടി;തൃപ്തനായ്‌ ഞാനും.
വീണ്ടുമവിടം വിട്ടു പോകാതൊക്കുകില്ലല്ലോ
നാളെ ഞാനും ഈ വിധത്തില്‍ കാത്തിരിക്കില്ലേ? ‍ ‍ ‍

‍ ‍ ‍ (ഇന്നു അമ്മയും ഞങ്ങളെ വിട്ടുപിരിഞ്ഞു.)