ജനപ്രിയ പോസ്റ്റുകള്‍‌

2010 സെപ്റ്റംബർ 26, ഞായറാഴ്‌ച

നീയില്ലാതെനിയ്ക്കെന്തോണം ( കവിത )

നീയില്ലാതെനിയ്ക്കെന്തോണം -നിന്റെ
മാനസക്കൂട്ടില്‍ ഇന്നെന്തോണം?
വേര്‍പെട്ടു ജീവിയ്ക്കും ആത്മ നാഥേ
നമ്മള്‍ ഒന്നിയ്ക്കാത്തൊരു പൊന്നോണം?
പൂക്കള്‍ പറിയ്ക്കുവാന്‍ കുട്ടികള്‍ ഒക്കയും
മാമല തോറും നടക്കുന്നോ?
പൂവിളിച്ച് ആര്‍ത്തു രസിയ്ക്കുന്നോ?അവര്‍
പൂവിളി പാട്ടുകള്‍ പാടുന്നോ?
മുറ്റത്തരികിലെ തൈമാവില്‍ ഏറ്റിയ
മുല്ലയില്‍ പൂക്കള്‍ വിരിയുന്നോ?
തേന്‍ നുകര്‍ന്നീടുവാന്‍ തേനീച്ച കൂട്ടം
മൂളി പ്പറന്നു വന്നെത്തുന്നോ?
മാനത്തു തുമ്പികള്‍ പാറുന്നോ?കരി-
ങ്കാറുകള്‍ മാനം വെടിയുന്നോ?
കിങ്ങിണി ചെപ്പില്‍ നിന്നിറ്റിറ്റു വീഴും പോല്‍
തേന്‍ മഴത്തുള്ളികള്‍ പെയ്യുന്നോ?
കൊയ്ത്തു കഴിഞ്ഞ നെല്‍ പാടത്തില്‍ ഒക്കയും
കൊറ്റികള്‍ പാറി വന്നെത്തുന്നോ?
പാട വരമ്പ് തുളച്ചതില്‍ ഞണ്ടുകള്‍
മുട്ടപ്പുറ്റുകള്‍ തീര്‍ക്കുന്നോ?
തെങ്ങിന്‍ തലപ്പിഴയ്ക്കുള്ളില്‍ കൂടി
ചന്ദ്രിക വന്നെത്തി നോക്കുന്നോ?
ആ നറുവെട്ടത്തില്‍ മുങ്ങി കുളിയ്ക്കുന്ന
കാട്ടാറു ദൂരെ ചിരിയ്ക്കുന്നോ?
അയല്‍ വീട്ടു മുറ്റത്തു കൂട്ടുകാരൊക്കയും
കൈകൊട്ടി പാട്ടുകള്‍ പാടുന്നോ?
ഊഞ്ഞാലു തീര്‍ത്തതില്‍ ചാഞ്ഞിരുന്നായത്തില്‍
ആടിത്തിമിര്‍ത്തു കളിയ്ക്കുന്നോ?
മുറ്റത്തു പൂക്കളം തീര്‍ക്കുന്നോ?ചേലില്‍
വരിവച്ചു പൂവുകള്‍ തൂവുന്നോ?
ഓണക്കോടി ഉടുക്കുന്നോ?അതില്‍
കണ്മഷി പാട് നീ തീര്‍ക്കുന്നോ?
പൂവട തീര്‍ത്ത് അതി രാവിലെ അന്‍പെഴും
മാബലി തമ്പ്രാനെ കാക്കുന്നോ?
ഓണസ്സദ്യ ചമച്ചു നീ- എത്താത്തൊ-
രെന്നയും കാത്തു കരയുന്നോ?
ആ മിഴിത്തുള്ളിയില്‍ മുങ്ങി കിടന്നൊരു
പൂക്കളം ഞാനും രചിയ്ക്കുന്നു
നിന്‍ കവിള്‍ പൂവിതള്‍ ചോന്നു തുടുത്ത പോല്‍
എന്‍ മാനസ വാനവും ചോക്കുന്നു.
നീയില്ലാതെ നിയ്ക്കെന്തോണം -നിന്റെ
മാനസക്കൂട്ടില്‍ ഇന്നെന്തോണം?
വേര്‍പെട്ടു ജീവിയ്ക്കും ആത്മ നാഥേ
നമ്മള്‍ ഒന്നിയ്ക്കാത്തൊരു പൊന്നോണം?

ഗതകാലം (കവിത)

കവിപാടുന്നു കവിതയിലൂടെ
കുതിരും മണ്ണിന്‍ ഗതകാലം.
കരളു തുരന്നന്നുതിരും രുധിരം
പുല്‍കിയ മണ്ണിന്‍ ഗതകാലം.
അടി വച്ചടി വച്ചിവിടെ മനുഷ്യന്‍
നെയ്ത്തിരി ഏന്തിയ ഗതകാലം.
ആ ചെറു വെട്ടം തൂവിടും ഒളിയില്‍
നമ്മെ അറിഞ്ഞൊരു ഗതകാലം.
വന്നവര്‍ വന്നവര്‍ അവരുടെ മാറില്‍
കൂരമ്പേറ്റൊരു ഗതകാലം.
ഒന്നല്ലോരായിരമല്ലുയിരുകള്‍
നമ്മിലലിഞ്ഞൊരു ഗതകാലം.
സീമകള്‍ താണ്ടി,പടവുകള്‍ കയറി
ലക്‌ഷ്യം നേടിയ ഗതകാലം.
പൂര്‍വിക ചേതന കുളിരു പകര്‍ത്തിയ
ഭാരത മണ്ണിന്‍ ഗതകാലം.
ഓരോ ദിനവും ഒഴിഞ്ഞീടുമ്പോള്‍
നമ്മള്‍ മറക്കും ഗതകാലം.
ചടുലത മുറ്റിയ പുത്തന്‍ ജനത-
യ്ക്കൊരു കഥയാണീ ഗതകാലം.
അവരുടെ ചോടിനിളക്കത്തില്‍ ചെറു
ധൂളികളാകും ഗതകാലം.
കാറ്റില്‍ അലിഞ്ഞത് തീരും മുന്‍പേ
കാത്തീടുക നാം ഗതകാലം.