ജനപ്രിയ പോസ്റ്റുകള്‍‌

2010 ഡിസംബർ 25, ശനിയാഴ്‌ച

ആണ്ടറുതി (കവിത)

ഞാനൊരുക്കിയ ചിതയില്‍ നിന്നമ്മതന്‍
ആത്മാവെരിഞ്ഞമര്‍ന്നെങ്കിലും
പൊന്മകള്‍ നീ എന്റെ തോഴിയായ്
വന്നിരുന്നന്നേ ദിനം.
ദുഃഖത്തിന്‍ അഗ്നിവ്യുഹം പലവുരു
ഹൃത്തിലേകി സ്മൃതിയുടെ
മറപ്പന്തലില്‍അമ്മയും പോയൊളിച്ചു.
നിന്നോമല്‍ തളിര്‍ വിരല്‍ തുമ്പി-
നാലെന്റെ ഉള്ളില്‍
സ്നേഹത്തിന്നക്ഷരങ്ങള്‍
പലവിധമെഴുതി-
ക്കൂട്ടിനീ സ്നേഹവായ്പ്പാല്‍.
എന്നലെന്നാത്മ നോവില്‍
ഒരുതരി പോറലും തീര്‍ത്തിടാതെ
നിന്‍ സ്നേഹം പെയ്തൊഴിഞ്ഞു.
മമ വ്യഥകള്‍ അതിനെയും
താണ്ടി ഇന്നേറെ ദൂരം.
ഒടുവലിതാ!
ജീവിതത്തില്‍ കലുഷിത മൊരുതാള്‍
തീര്‍ത്തുകൊണ്ടീ ദിനത്തില്‍
എന്നേയും വിട്ടുപോകാന്‍
കാലത്തിന്‍ തേരിലേറി
എന്‍ കാല്‍ചോട്ടില്‍ നീ വന്നുനില്പ്പൂ.
സ്നേഹത്തിന്ന ശ്രുവില്ലാ,
ഹൃദയ മുരുകി തേങ്ങിടും
കൈപ്പുനീരെന്‍ കണ്ണില്‍ നിന്നിറ്റു വീഴ്ത്താം
ഒരു ചിത നിനക്കും
തീര്‍ത്തിടാം എന്റെ ഹൃത്തില്‍.

2010 ഡിസംബർ 18, ശനിയാഴ്‌ച

നിത്യ യവ്വനം ( കവിത )

ഇന്നെന്റെ മോഹ,
സങ്കല്‍പ്പത്തിനൊപ്പമായ്
ഒരു നദി ഒഴുകി തീര്‍ന്നിതാ ഹൃത്തില്‍.
ജല കണികകള്‍ വറ്റി
വരണ്ടൊരീ ഭൂമിയില്‍,
വിണ്ടു കീറിയ സ്വപ്‌നങ്ങള്‍,
ഇത്തിരി ദാഹനീര്‍ കിട്ടുവാന്‍
വെമ്പല്‍ കാട്ടീടവെ;
ജീവനത്തിന്‍ കൊടുമ്പിരി ചാലിലെ
നിണജലം അല്പാല്പം ഏകിഞാന്‍
കാത്തു സൂക്ഷിപ്പൂ
നിത്യവും ശാന്തമായ്.
ഇട തടവില്ലാത്ത മാരിയില്‍
പണ്ടു നാള്‍,കുത്തി ക്കലങ്ങി
ഒലിച്ചതിന്‍ ഓര്‍മ്മയില്‍
വറുതിയേറ്റൊരീ നദിയും
കാത്തിതാ, സ്മരണയില്‍
പുതു ചാറ്റല്‍ ഉള്‍ക്കൊണ്ടൊരു
നിത്യ യവ്വനം കാംക്ഷിപ്പു ശാശ്വതം.

2010 ഡിസംബർ 12, ഞായറാഴ്‌ച

ദീപം (കവിത)

നീയെന്റെ മാത്രം,നീയെന്റെ തീര്‍ത്ഥം
നീയെന്റെ ഉള്ളില്‍ തെളിയ്ക്കുന്നു ദീപം.
നീയാണെനിയ്ക്കെന്റെ സര്‍വ്വസ്വമെന്നും
നിനക്കെന്റെ ജന്മ്മം സമര്‍പ്പിച്ചിടുന്നു.
ആവില്ലെനിയ്ക്കേറെ നേരം മറക്കാന്‍
ആവിര്‍ഭവിയ്ക്കുന്നു നിന്‍ സ്മേരമുള്ളില്‍.
നാദാത്മകം നിന്റെ ഓരോ വചസ്സും
താദാത്മ്യ പ്രാപ്തിയ്ക്ക് അടുക്കുന്നു ഞാനും.
മോഹം ജനിപ്പിയ്ക്കും ആകാര ഭാഷ്യം
മാല്യം മയങ്ങുന്ന മാറിന്‍ തടങ്ങള്‍.
വല്ലീ ലതയ്ക്കൊത്ത പാണിയുഗ്മങ്ങള്‍
ഉല്ലാസം ഏകുന്നിതെന്‍ അന്തരംഗം.
കാരുണ്യ ഭാവം, ആനന്ദ നേത്രം
കൈവല്യ ശന്തിയ്ക്ക് എനിയ്ക്കെന്തു വേണം.
നിന്നോട് ഞാന്‍ ഒതിടുന്നെന്റെ ഉള്ളം
നീ എന്നിലേയ്ക്കായ് ലയിക്കുന്ന നേരം.
നമ്മില്‍ ജനിയ്ക്കാത്ത രണ്ടെന്ന ഭാവം
സമ്മേളനത്തിന്റെ ശ്രേഷ്ഠ സ്വഭാവം.
സ്വകാര്യങ്ങള്‍ എല്ലാം പറഞ്ഞാലും എന്നില്‍
സ്വീകാര്യം ആകുന്നതോ നിന്റെ ഇഷ്ടം.
നീ തന്നെ ഞാനായ്‌ ഞാന്‍ തന്നെ നീയായ്‌
നിത്യം ലസിയ്ക്കാന്‍ സ്മരിയ്ക്കുന്നു നിത്യം.
നീയെന്റെ സ്വന്തം,നീയെന്റെ ഉള്ളം
നാം രണ്ടും ഒന്നായ്‌ കഴിഞ്ഞീ നിമേഷം.
.......................................