ജനപ്രിയ പോസ്റ്റുകള്‍‌

2011 ജനുവരി 7, വെള്ളിയാഴ്‌ച

പുണ്യം (കവിത)

ഒരുമുളന്തണ്ടായ് പിറന്നതെന്‍ പുണ്യം
അതില്‍നിന്നുമുതിരുന്ന നാദമോ കര്‍മ്മം
അതുതീര്‍ത്ത സ്വര രാഗസുധ നിന്റെ ധര്‍മ്മം
ആനന്ദമാഹ്ലാദമാണാപ്രപഞ്ചം.
ഹരിത വനമൊന്നില്‍ കിളുര്‍ത്തെന്റെ ബാല്യം
തരുനിരത്തണലിലായ് കവ്മാരകാലം
അരുവിയുടെ ശ്രുതികേട്ടു യവ്വനത്തിങ്കല്‍
സപ്ത സ്വരങ്ങളായ് അന്ത്യപ്രയാണം.
മനുജ മനമിളകുമത് കേള്‍ക്കും മുഹൂര്‍ത്തം
തരളഗതി അണയുമാതിനാലെന്റെയുള്ളം
കഠിനമനമലിയുമൊരു രാഗം ശ്രവിച്ചാല്‍
അതിലുപരിയീ ജന്മമെന്തെന്തു നേടാന്‍.
കുത്തിക്കുറിയ്ക്കുന്നൊരീ മുളമ്പാട്ടില്‍
പറ്റിപ്പിടിയ്ക്കുന്ന സ്നേഹാക്ഷരങ്ങള്‍
ചുണ്ടോടു ചേര്‍ത്തു കുഴലൂതുന്നവര്‍ക്കായ്
സന്തോഷമോടെയൊരു കാണിയ്ക്കയല്ലോ

2011 ജനുവരി 4, ചൊവ്വാഴ്ച

ഒരുനിമിഷം (കവിത)

വഴി പോക്കരായനാം ഈ നടക്കാവിലൂ-
ടലയുന്നു ജീവിത ഭാണ്ടവും പേറി.
നീറുന്ന, പുകയുന്ന,ദുഃഖങ്ങള്‍ വാഴുന്ന
ഭൂമുഖക്കോണിലീ, മണ്‍തടത്തില്‍.
കുളിരും നിലാവിന്റെ പുഞ്ചിരിപ്പാത്രത്തില്‍
ഊറുന്ന മുന്തിരിച്ചാറുനിത്യം
മോന്തുവാനേറെ തപംചെയ്തു വാഴുന്ന
വഴിപോക്കരാണ് നാമെന്നുമെന്നും ‍.
ക്ഷണികമാം സായൂജ്യ നിര്‍വ്രുതീ രന്ത്രത്തില്‍
ഒരുതുള്ളി രക്തമായ്‌ നാം പിറന്നു.
ത്ച്ചടുതി യില്‍ പാഞ്ഞെത്തി അന്ധകാരത്തി-
ലോരതിഗൂഡ ഗഹ്വര തളിക തന്നില്‍.
കടം വാങ്ങി അന്നു തൊട്ടമ്മതന്‍ ജീവനും
അല്പാല്‍പ്പമീ മജ്ജ, മാംസമെല്ലാം
ഇനിവരില്ലെന്നു കരഞ്ഞോതി വായ്മലര്‍
കൂട്ടാതെ ജീവിതച്ചുഴിയിലേയ്ക്കായ്,
ദിവ്യമാമച്ചെറു പാത്രത്തില്‍ നിന്നുമീ-
ഭൂമിതന്‍ മാറില്‍ പിറന്നിരിപ്പൂ.
ഒരു കൊച്ചു മുത്തിന്‍ തിളക്കമോടേയന്നു
പിച്ചവച്ചൂഴിയില്‍ സഞ്ചരിയ്ക്കെ
വീഴാതെ തളരാതെ നന്മതന്‍ ശീലുകള്‍
പൈന്തേനിനോപ്പം പകര്‍ന്നു തന്നു.
ഒരു മുല്ലപ്പൂവിന്‍ സുഗന്ധമായീടുവാന്‍,
ഒരു തുള്ളി മധുവിന്റെ മധുരമായീടുവാന്‍,
ഒരുകൊച്ചു മിന്നാമിനുങ്ങിന്റെ വെട്ടമോ-
ടുലകാകെ ചുറ്റിപ്പറന്നുയര്‍ന്നീടുവാന്‍
എത്രയോ സ്വപ്നശ്ശതങ്ങളക്കാലം
മാതാപിതാക്കള്‍ നുണഞ്ഞിരിയ്ക്കും.
ഇന്നിന്‍ തിളക്കം മറയ്ക്കുന്നു,മായ്ക്കുന്നു
അധികാര -വിത്ത സാമ്രാജ്യം പടുക്കുവാന്‍.
മത വൈര്യ- രാഷ്ട്രീയ, തീവ്രവാദങ്ങളാല്‍
മര്‍ത്ത്യത മരിച്ചുവോ? എന്നിലും, നിന്നിലും!