നാവില്‍ ചെറുചെറു താളത്തില്‍
അക്ഷര മുത്തു കിലുങ്ങുന്നു.
ആതിരുമുറ്റത്തെത്തീടാനെന്‍
കൊച്ചു കിനാവു മൊരുങ്ങുന്നു.
ഒരു ചിമിഴില്‍ പല സ്വപ്നത്തില്‍
തോഴരുമൊത്തു മയങ്ങുമ്പോള്‍
നൂറു വയസ്സു തികഞ്ഞൊരു മാതാ-
വെന്നെ വിളിയ്ക്കുന്നുണരാനായ്.
ഒന്നാം പാഠം കയ്യില്‍ തന്നെന്‍
നെറുകയില്‍ മുത്തുന്നാവേശം
തറയും,പറയും,കിണറും കണ്ടു
കിളിര്‍ത്തു പലപല വാക്യങ്ങള്‍.
ആ വാക്യങ്ങളനശ്വരമാകും
സംസ്കാരത്തിനുണര്‍വ്വേകി
ഇന്നീ അക്ഷര മാല കൊരുക്കാന്‍
കഴിയും വേദിയിലെത്തിച്ചു.
ഓര്‍മ്മിയ്ക്കുന്നു ഞാനാമുറ്റ-
ത്തോടിനടന്നു കളിയ്ക്കുമ്പോള്‍
കല്ലില്‍ തട്ടി താഴെ വീണു
മുട്ടിന്നടിയില്‍ മുറിവുണ്ടായ്.
ഒരു 'കല'യായതുമാറി എന്നുടെ
മേനിയിലുണ്ടത് കാണുമ്പോള്‍
'സോമന്‍', 'ശശി'മാര്‍, 'ഭരതന്‍','കുട്ടന്‍'
എല്ലാരും വന്നെത്തുന്നു.
ഉച്ചയ്ക്കുപ്മാവിന്നു തിരക്കില്‍
തിണ്ണയിലെത്തും സമയത്ത്
കയ്യാല്‍ തട്ടി താഴെ വീഴ്ത്തി
കശ പിശ വച്ചതുമോര്‍ക്കുന്നു.
'ജേക്കബ്'' സാറൊരു വാടിയാല്‍
ഞങ്ങടെ തുടയില്‍ നാല് പിടച്ചപ്പോള്‍
കണ്ണില്‍ നിന്നു പറന്നിടു'മീച്ച'കള്‍
ഇന്നും പാറുന്നുളളറയില്‍.
എന്തൊരു സങ്കടം അക്കാലം
നല്ലൊരു സ്മരണയതിക്കാലം.
ആയിരമായിരമോര്‍മ്മകള്‍ പുല്‍കി
അവനിയിലിങ്ങനെ ചുറ്റുമ്പോള്‍
''ശത വര്‍ഷത്തെ പുണരും വിദ്യാ-
ലയമാം, അമ്മയ്ക്കാശംസ. ''
-----------------------------------
(വെളിയനാട് ഗവ.യു.പി. സ്കൂളിന്റെ ശതവാര്‍ഷിക സ്മരണികയ്ക്കു വേണ്ടി എഴുതിയത്)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ