ജനപ്രിയ പോസ്റ്റുകള്‍‌

2012 മാർച്ച് 25, ഞായറാഴ്‌ച

ഓര്‍മ്മയിലെ കണിക്കൊന്ന

'
'കൊന്നയ്ക്കുള്ളിലുണര്‍ന്നു ഹര്‍ഷമുടനേവന്നെത്തിടും മേടവും
പൊന്നിന്‍ കാന്തി നിറഞ്ഞിടുന്ന മലരോ തൂക്കാമിനിച്ചില്ലയില്‍.
മന്നിന്‍ മാറിലെനിക്കു വേറെ സുകൃതം എന്തുണ്ടു വാര്‍തിങ്കളേ
നിന്നോമല്‍ ചെറുമാനിനൊത്തിവിടെ നീ എത്തൂവിഷുക്കാലമായ്. ''

അന്നെന്‍ ഗ്രാമവഴിക്കു ചേര്‍ന്നൊരു വശത്തുണ്ടായിരുന്നോമലാം
കൊന്നപ്പൂച്ചെടിയിമ്പമാര്‍ന്ന തളിരും കൊമ്പും നിറഞ്ഞങ്ങനെ.
എന്നും ഞാനതിലേനടന്നുവരവേ ചെല്ലക്കുരുന്നാം ചെടി-
യ്ക്കെന്തോ ചൊല്ലണമെന്നമോഹമതിനാല്‍ ചാഞ്ചാടിനിന്നീടിനേന്‍.

മാറിപ്പോകുക സാധ്യമല്ല വിനയം കൈവന്നൊരാള്‍ക്കും തുലോം
നേരും നന്മയുമുള്ളവര്‍ക്കുമതിനെക്കാണാതിരുന്നീടുവാന്‍.
ആരും തന്നെ നിനച്ചതില്ല തണലും താങ്ങും തരും മട്ടിലാ-
ചേറില്‍ നിന്നൊരു പുണ്ണ്യജന്മമവരെക്കണ്‍പാര്‍ത്തിരിക്കുന്നതായ്.

കണ്ണിന്‍ മുന്നിലിരുന്നൊരാള്‍ ഝടുതിയില്‍ നേരേ നിവര്‍ന്നെന്നപോ-
ലെണ്ണിക്കൊണ്ടു ദിനം കടന്നു ചെടിതന്‍ തണ്ടും വളര്‍ന്നൂ ക്ഷണം.
വിണ്ണില്‍ നിന്നു കനിഞ്ഞ പുണ്യമഴകായ് പുല്‍കിപ്പുതപ്പിച്ചു നല്‍
വര്‍ണ്ണപ്പട്ടുമണിഞ്ഞു കൊന്നനിറയേ പൊന്നിന്‍ മണിച്ചാര്‍ത്തിനാല്‍.

ബാല്യം വിട്ടുകടന്നു വന്നു കരളില്‍ കവ്മാര സങ്കല്‍പ്പവും
മാല്യം ചാര്‍ത്തിയ യവ്വനപ്പടികളും ചെമ്മേ കടന്നൂ പ്രിയം.
അല്ലല്‍ തെല്ലുമറിഞ്ഞിടാതെ ഭുവിയില്‍ വേരോടി ജീവിക്കുവാ-
നെല്ലാംതന്നെ പഠിച്ചു,നിത്യമവിടം ചോലക്കറുപ്പേകിനാന്‍.

എന്നോടൊത്തു വളര്‍ന്നതും മനസുകള്‍ തമ്മില്‍ക്കൊരുത്തെന്നതും,
ഇന്നെന്‍ കണ്ണിനു ഗോപ്യമായി നിറയേ പൂമൊട്ടൊരുക്കുന്നതും.
ചിന്നും വെണ്മപടര്‍ന്ന നിന്റെയഴകില്‍ നാട്ടാര്‍ മദിക്കുന്നതും
തന്നേയോര്‍ത്തു മരന്ദമുണ്ടു കഴിയും എല്ലാ വിഷുക്കാലവും.

ഏറെക്കാലമകന്നശേഷമൊരുനാള്‍ നിന്നോടടുത്തെത്തവേ
ഏനക്കേടുകള്‍ വന്നടിഞ്ഞ തരുമെയ് കണ്ടെന്‍ കരള്‍ കാഞ്ഞുപോയ്
എങ്ങും വാര്‍ന്ന ചലങ്ങളും, പ്രഹരമേറ്റുണ്ടാം വ്രണപ്പൊറ്റയും
എല്ലില്‍ ചേര്‍ത്തുകുറിച്ച മുദ്ര ചതുരക്കള്ളിക്കകത്താക്കിയും.

മേലേ ചില്ലയിലാകെ തൂങ്ങി നിറയും നാടിന്‍ പരസ്യങ്ങളും
കാലേ കൂട്ടിയ കൂട്ടിലിട്ട കിളിതന്‍ മുട്ടയ്ക്കകം പൈതലും.
ചെല്ലക്കൊമ്പിലലിഞ്ഞുചേര്‍ന്ന കൃഷിയാള്‍ തൂങ്ങിപ്പിടയ്ക്കുന്നതും
എല്ലാം നിന്റെ തടിക്കുചുറ്റുമതിനാല്‍ ഏറെത്തപിപ്പൂ മനം.

എന്നാലോര്‍ക്കുക നിന്നൊടൊപ്പമിവനും നീറുന്നു ദുഃഖങ്ങളാ-
ലെല്ലാം ജീവിത യാത്ര തന്നിലമൃതായ് ഭക്ഷിച്ചു തീര്‍ത്തീടിലും
ഏനംപോലെ ഭുജിച്ചിടുന്നൊരമൃതും പാഷാണമായിട്ടണ-
ഞ്ഞെല്ലാം തീര്‍ത്തിടുമെന്നുചൊല്‍വു ബുധരും നാടിന്‍മഹത്തുക്കളും.

കാലം പോയിമറഞ്ഞിടുന്നവനിയില്‍ ഇല്ലില്ലയൊന്നും സ്ഥിരം
കാലക്കേടുകള്‍ വന്നു പോകുമൊരുനാള്‍ നമ്മള്‍ ചിരിക്കും സഖേ.
കൊന്നപ്പൂങ്കുലതോരണങ്ങളുയരും നിന്‍ ചില്ലതന്നില്‍ തളിര്‍-
ക്കാറ്റാല്‍ മര്‍മ്മര നാദമാകെനിറയും മേടം കടന്നെത്തവേ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ