ജനപ്രിയ പോസ്റ്റുകള്‍‌

2010 ഫെബ്രുവരി 20, ശനിയാഴ്‌ച

ഷഹദിന്റെ ഓര്‍മ്മയ്ക്ക്‌ കവിത

ഒരു നെയ്യാമ്പല്‍ മലര്‍ പോല്‍ ഇന്നലെ
എന്‍ മുറി പൂകിയ ചെറു ബാല്യം
കിളി നാദത്താല്‍ എന്നും കൊഞ്ചും
വാക്കുകള്‍ ഓതിടും കുഞ്ഞുമകള്‍
വിടരും കണ്‍കളില്‍ ആഹ്ലാദത്തിന്‍
പൊന്‍ കതിരൊളിയാര്‍ന്നെപ്പോഴും
നടനം കൊണ്ടു കുളിര്‍പ്പിച്ചെന്നുടെ
ഹൃദയം ചോര്‍ത്തിടും ഉത്സാഹം.
ഉറ്റവര്‍ അവളെ വിളിയ്ക്കുന്നോമന
"ഷഹദെ"ന്നത്രെ ഫലസ്ത്തീനില്‍
എല്ലാര്‍ക്കും പ്രിയ മുത്താണവളുടെ
കളിയും ചിരിയും സന്തോഷം.
ആ മണി മുത്തിന്നകെ ഉടഞ്ഞു
കിടക്കുന്നവിടെ പുല്‍മേട്ടില്‍
വെള്ളിടി ഒന്നുമുഴങ്ങീ ഹൃത്തില്‍
ചേതന ചെന്തീയായ്മാറി.
ഇസ്രായേലിലെ രക്തക്കൊതിയര്‍
തോക്കില്‍ നിന്നും ഉതിര്‍ത്ത തിര
ഉന്നം തെറ്റാ,ത-പ്പാവത്തിന്‍
മാറുപിളര്‍ക്കാന്‍ പാഞ്ഞെത്തി.
അല്പം മുന്പി ഭൂതലമാകെ
പാറി നടന്നൊരു പൂമ്പാറ്റ
വെടിയേറ്റുതിരും രക്തം കൊണ്ടൊരു
പട്ടും മൂടി ഉറങ്ങുന്നു.
ഹൃദയ സ്പോടന രുധിരച്ചാലുകള്‍
നീന്തിക്കയറി ജനിതാക്കള്‍
ആ പിഞ്ചിന്റെ തണുത്ത ശരീരം
കോരി എടുക്കാന്‍ യത്നിയ്ക്കെ
എങ്ങോ നിന്നു കയര്‍ത്തു തടഞ്ഞു
തീതുപ്പുന്ന കുഴല്‍ കെണികള്‍.
ഒന്നല്ലേറെ ദിനങ്ങള്‍ അനാഥം
ആ മൃതദേഹം പൊടിചൂടി
തെരുവില്‍ തന്നെ കിടക്കെ-നായ്ക്കള്‍
തുരുതുരെ എത്തി തിന്നുമ്പോള്‍ .....
ആ കഥ വിവരിച്ചീടുവതെങ്ങിനെ?
കണ്‍കളില്‍ രക്തം നിറയുന്നു.
രണ്ടും കല്‍പ്പിച് അച്ഛനും അമ്മയുമ -
വളുടെ അരികില്‍ ചെന്നിടവെ
ക്രൂര മനസ്സോടി സ്രായേലികള്‍
അവരെ തോക്കിന്നിരയാക്കി.
"കരുണ ക്കാറ്റൊഴുകാത്ത മനസ്സില്‍
കുരുതിച്ചാര്‍ നദി ഒഴുകുമ്പോള്‍
നിശ്ചയം ഇതുപോല്‍ എത്ര കുരുന്നും
നാടും തകരും യുദ്ധത്തില്‍. "

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ