ജനപ്രിയ പോസ്റ്റുകള്‍‌

2010 ഫെബ്രുവരി 26, വെള്ളിയാഴ്‌ച

പ്രവാസ ശേഷിപ്പ് കവിത

ഓര്‍ക്കുന്നു അന്നു കണ്ട വദനം
ചീര്‍ക്കുന്നു മനതാരിലായ് ദുഃഖം
വാര്‍ദ്ധക്യം കൊണ്ടു ചുക്കി ചുളിഞ്ഞും
അര്‍ദ്ധ പ്രാണനായ് വാഴുന്ന വൃദ്ധന്‍.
കാലില്‍ കാല്‍ കേറ്റി പ്രവ്ഡി വിടാതെ
ചേലില്‍ ചാരി ഇരിയ്ക്കുന്നു വീട്ടില്‍.
ഏതോ സ്വപ്നത്തില്‍ എങ്ങോ പറന്നും
ഓതാതോതി ഒലിയ്ക്കുന്നു കണ്ണീര്‍.
വീട്ടില്‍ കഷ്ടപ്പാട് ഏറി വലഞ്ഞു
നാട്ടില്‍ നിന്നെത്തി സൂര്യന്റെ നാട്ടില്‍
കഷ്ടപ്പാടുകള്‍ ഏറെ സഹിച്ചു
പുഷ്ടിപ്പെട്ടൊട്ടു ജീവിതം പൂത്തു.
സാഹോദര്യം നിറഞ്ഞു വഴിഞ്ഞും
ദേഹം നോക്കാതെ ജീവച്ച കാലം.
വീട്ടില്‍ ചെ,ന്നിരു മാസം ഒഴിവില്‍
കൂട്ടിന്നായൊരു പെണ്‍കൊടി വന്നു.
മോഹ പൂവുകള്‍ ആയിരമായി
ദാഹം മെത്തുന്നു ജീവിച്ചിടാനായ്.
മിണ്ടാന്‍ പറ്റാതെ യാത്ര പറഞ്ഞു
വീണ്ടും വന്നെത്തി തീച്ചൂള തന്നില്‍.
കണ്ണില്‍ നിന്നൊട്ടും മായാതെ നിന്നു
കണ്ണീര്‍ തൂകും വധൂ മുഖം എന്നും.
വല്ലപ്പോഴും വരും കത്തില്ലെല്ലാം
വല്ലായ്മ്മ ക്കഥ ഏറെ കുറിയ്ക്കും
കഷ്ടപ്പാടുകള്‍ മാറും...ഒരിയ്ക്കല്‍,
ഇഷ്ടത്തോടെ അയയ്ക്കും തിരിച്ചും.
വന്നു പൊന്നുണ്ണി കണ്ണനാവീട്ടില്‍
ചെന്നു കാണുവാന്‍ മോഹം ഉദിച്ചു.
കുഞ്ഞിക്കയ്യു നുണഞ്ഞു ചിരിയ്ക്കും
കുഞ്ഞി കണ്ണനെ എന്നിനി കാണും.
എത്തും ചിത്രങ്ങള്‍ കെട്ടി പുണര്‍ന്നും
മുത്തം നല്‍കി കിടക്കുന്നു രാവില്‍.
ഉള്ളില്‍ കാണുന്നവന്‍ തന്‍ നടത്തം
തുള്ളിച്ചാടും പകല്‍ വീട്ടു പൂരം.
എല്ലാമെല്ലാം മനസ്സില്‍ നിനച്ചി-
ട്ടല്ലല്‍ പെട്ടെത്ര വര്‍ഷം കഴിപ്പൂ.
കാലം മെല്ലെ കടന്നു ജഗത്തില്‍
ശീലം തെല്ലൊട്ടു മാറിക്കഴിഞ്ഞു.
വാക്കും നോക്കും ഇന്നെല്ലാം മറന്നു
കാക്കും ദൈവത്തെ മെല്ലെ മറന്നു.
രണ്ടാണ്ടിലെത്തുന്ന താതന്റെ ഹൃത്തും
സ്നേഹത്തുടിപ്പും കാണാത്ത മക്കള്‍
കാശിന്‍ പൂക്കള്‍ പുണര്‍ന്നതിനാലെ
മോശം മോഹങ്ങള്‍ ഉള്ളം കവര്‍ന്നു.
ശിക്ഷിക്കേണ്ടവന്‍ മറ്റൊരു നാട്ടില്‍
അക്ഷീണം പണി ചെയ്തു തളര്‍ന്നു.
കേശം വെള്ളിനൂല്‍ പാകിത്തുടങ്ങി
ആശിയ്ക്കുന്നുണ്ട് ഗ്രാമത്തില്‍ എത്താന്‍.
ഗേഹം പുത്തന്‍ പണിതുയര്‍ത്തേണം
മോഹം പോലെ മല്‍ പുത്ര വിവാഹം
എല്ലാം ഭംഗിയായ്‌ തീര്‍ത്തിട്ടൊരല്‍പ്പം
സല്ലാപത്തിനു തന്‍ വീടണഞ്ഞു.
ആരോഗ്യ കാലം ചൂടില്‍ പൊരിഞ്ഞു
ആരോരുമില്ലാ കാലം കഴിഞ്ഞു.
പത്നീ സമേതെ വീട്ടില്‍ വസിപ്പാന്‍
യത്നാംശ വിത്തേ വന്നെത്തി പാവം.
സമ്പാദ്യ ഭാരം മെല്ലെ കുറഞ്ഞു
ഇമ്പം നിറയ്ക്കും വാക്കും നിലച്ചു.
സന്തോഷമെല്ലാം എങ്ങോ മറഞ്ഞു
സന്താപ കാലം മെല്ലെ അണഞ്ഞു
ദാമ്പത്യ പൂക്കള്‍ വാടിക്കരിഞ്ഞു
സമ്പത്തു നേടാന്‍ പറ്റാതെ വന്നു.
വാര്‍ധക്യ വാതില്‍ മെല്ലെ തുറന്നു
അര്‍ദ്ധാംഗിനി തന്‍ ദേഹം വെടിഞ്ഞു.
ഒറ്റപ്പെടും പോല്‍ തോന്നുന്നു വീട്ടില്‍
മറ്റാരുമില്ലാ തന്‍ തുണയ്ക്കായി
ഭാരം മെത്തി വരുന്നു മക്കള്‍ക്കും
ഭാരം പോലഹോ വൃദ്ധനന്നേരം.
ജീവന്‍ പെട്ടന്നു പോകാന്‍ നിനച്ചു
ജീവിച്ചീടുന്നു ഞാന്‍ കണ്ട പാവം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ