ജനപ്രിയ പോസ്റ്റുകള്‍‌

2010 ഒക്‌ടോബർ 31, ഞായറാഴ്‌ച

ഒരു ചാറ്റിംഗ് ദുരന്തം ( കവിത )

ജഡമായി മാറിയോന്‍ എങ്കിലും എന്നിലെ
സ്ഫുട ചിത്തമിപ്പൊഴും കേണിടുന്നു.
തറയല്ല താങ്ങുന്നത് അഗ്നിയാണെങ്കിലും
മറനീക്കി അണയുന്നു ഭൂതകാലം.
കമ്പ്യൂട്ടറില്‍ ഞാന്നു ഞാനിരുന്നാ ദിനം
സമ്പൂര്‍ണ ചാറ്റിംഗ് ഗൃഹം തുറന്നു.
കൈപ്പിടയ്ക്കുള്ളില്‍ ഒതുക്കിടും മവ്‌സിലില്‍
കൈവിരല്‍ ഓരോന്നയച്ചമര്‍ത്തി
തേടി ഞാന്‍ സവ്ഹൃദ വീഥിയില്‍ പൂവിടും
ചൂടുള്ള കുളിരില്‍ ലയിച്ചു മുങ്ങാന്‍.
സ്വന്ത നാമത്തില്‍ കുറിയ്ക്കാത്ത കോഡിലൂ-
ടെന്തെന്തു സന്ദേശ മാരി പെയ്തു.
മുന്നില്‍ വരും കാമ വൈകൃത വാക്കുകള്‍ക്ക്
എന്തെന്ത്‌ അസഭ്യം തിരിച്ചയച്ചു.
പ്രായം കുറച്ചേറെ എങ്കിലും എന്നുടെ
മായം കലര്‍ന്ന പ്രേമാര്‍ത്ത്യ നാട്യം
നാടകം എന്നറിഞ്ഞീടാതെ കൊണ്ടൊരു
പെണ്‍കൊടി എന്നില്‍ വിരുന്നു വന്നു.
ഞാന്‍ അറിഞ്ഞീടാതെ എന്റെ ഉള്‍ത്താരഹോ
'മാനം' വെടിഞ്ഞവള്‍ക്കൊപ്പമായി.
ഓരോ നടപ്പിലും വാക്കിലും നോക്കിലും
തീരാത്ത പ്രേമം തുടിച്ചു നിന്നു.
കണ്ണിനാല്‍ കാണാത്ത പ്രേമ സായൂജ്യമേ
കാണുവാന്‍ മോഹം വളര്‍ന്നിടുന്നു.
നിന്‍ രൂപഭംഗി പകര്‍ത്തിയ ചിത്രമെന്‍
ഈ മെയില്‍ ചെപ്പില്‍ അയച്ചിടേണം.
അരികത്തണയുകില്‍ ആ ചിത്രം എന്നുടെ
മാറോടടുക്കി പിടിച്ചിടും ഞാന്‍.
ഒരുനോക്കു കാണാന്‍ കൊതിച്ച കവ്മാരമേ
ചാരത്തണയൂ നീ മാത്രയോളം.
നിന്നിലേയ്ക്ക് ഒന്നലിഞ്ഞീടുവാന്‍ മോദമീ
ചെപ്പിന്‍ മിഴി പൂട്ടടര്‍ത്തിടട്ടെ.
ഞെട്ടിത്തെറിച്ചു ഞാന്‍ ആമുഖം നോക്കവേ
സപ്ത ഞരമ്പും തളര്‍ന്നു പോയി.
സ്ക്രീനില്‍ തെളിഞ്ഞതെന്‍ പുത്രിയാണെന്നുള്ള
സത്യത്തെ ഞാനും തിരിച്ചറിഞ്ഞു.
കൂര്‍ത്ത മുള്‍ചാട്ടവാര്‍ പ്രഹരം ഏല്‍പ്പിച്ചവള്‍
കണ്‍മുന്നില്‍ നിന്നു ചിരിച്ചിടുന്നു.
ആയിരമായിരം ചോദ്യ ശരങ്ങളാല്‍
ഉള്‍ത്തടം നീറി കിടന്നു രാവില്‍.
നേരപ്പുലര്‍ച്ചയില്‍ എപ്പോഴോ എന്നിലെ
വേരറ്റു ജീവന്‍ തിരിച്ചുപോയി.
ജഡമായി മാറിയോന്‍ എങ്കിലും എന്നിലെ
സ്ഫുട ചിത്തമിപ്പൊഴും കേണിടുന്നു.
....................................................
"ഓരോ മനുഷ്യരും ഓര്‍ക്കുക മാനവ
നേട്ടങ്ങള്‍ നന്മയ്ക്ക് മാത്രമാക്കാന്‍
അല്ലായ്കില്‍ ഈവിധം ഘോരപ്പരീക്ഷകള്‍
നിങ്ങളെ തേടി അണഞ്ഞിരിയ്ക്കും ''

2010 ഒക്‌ടോബർ 30, ശനിയാഴ്‌ച

ഒരു കാത്തിരുപ്പ് (കവിത)

ഹൃദയ കമലം ഇതള്‍ വിടര്‍ത്തുന്നീ നിമേഷത്തില്‍
ചകിതയാമൊരു കിളിതന്‍ രോദനം കവിതയാകുന്നു.
കരള്‍ പിടഞ്ഞവള്‍ ആര്‍ത്ത നാദ ചുഴിയിലുലയുമ്പോള്‍
വിസ്മരിക്കുവതെങ്ങിനെ ഞാന്‍ മനുജനാണെങ്കില്‍.
പണ്ടു പൂര്‍വികര്‍ പാടിതന്നീ കൊച്ചു മലനാട്ടില്‍
മനുജര്‍ ഒന്നായ്‌,ഒരുമനസ്സായ് വാണിരുന്നെന്നും.
കാലയവനിക താണുയര്‍ന്നു കൊഴിഞ്ഞു വര്‍ഷങ്ങള്‍
'അടിമ'യായ്, പി'ന്നുടമ'യായ്,ഇ'ന്നുലക്'കൈകളിലായ്.
ഒരുവിരിപ്പില്‍,ഒരുപുതപ്പില്‍,ഒരു വികാരത്തില്‍
ഹിന്ദു, ക്രിസ്ത്യന്‍,നബി മനസ്സുകള്‍ ഒത്തുചേര്‍ന്നിവിടെ.
ഹൃദയ ശുദ്ധി തകര്‍ത്തു കൈയ്യില്‍ കൊടിയ വാള്‍ത്തലകള്‍
ഉയരുവാന്‍ ഇടയാക്കിയല്ലോ! മതങ്ങള്‍, രാഷ്ട്രീയം.
'കൈയ്യുവെട്ടി','തലയറുത്തു','കള്ളുവിഷമാക്കി'
ഗൂഡമായ് പണസഞ്ചി നേടാന്‍ കരു ഒരുക്കുന്നു.
'അറിവു' നേടിയ മര്‍ത്ത്യര്‍ ഒത്തിരി അഴിമതിയ്ക്കകമേ
മറവെടിഞ്ഞു കുളിച്ചു നാട്ടില്‍ തേര്‍ തെളിയ്ക്കുന്നു.
മനസ്സുനീറും വിലാപങ്ങള്‍ക്കൊപ്പം ഒരുകിളിയും
പുതിയ ചേതന കണ്‍ തുറക്കാന്‍ കാത്തിരിയ്ക്കുന്നു.
അവരൊരുക്കും പുതിയ നാടിന്‍ പുതുമ കാണാനായ്
കാത്തിരിപ്പൂ കിളിയൊടൊപ്പം ഈ വിരല്‍തുമ്പും.

നിണസന്ധ്യ (കവിത)

ചൊല്ലാം ഞാനൊരു യുവകോമളനുടെ
ദാരുണ അന്ത്യ വിയോഗ കഥ.
കാന്താരത്തിന്‍ കാന്തിദ കാന്തി
കവര്‍ന്നവന്‍ അങ്ങിനെ ചുറ്റുമ്പോള്‍
പൂക്കള്‍ മാടി വിളിയ്ക്കുന്നു, നറു
പുഞ്ചിരി തൂകി കൊഞ്ചുന്നു,
പൂമണ മോടൊരു കാറ്റുവരുന്നു,
നാസിക ഗന്ധം നുകരുന്നു,
കാട്ടില്‍ പാറി നടക്കും കിളിതന്‍
പാട്ടിന്‍ രാഗം കേള്‍ക്കുന്നു.
കിളികള്‍ പാടും പാട്ടിനു ചേര്‍ന്നവ-
നീണത്തില്‍ പാട്ടോതുന്നു.
കലപില പാടി അരുവീലുലയും
കുഞ്ഞോളങ്ങള്‍ കാണുന്നു.
അടിയില്‍ പുളയും പരല്‍ മണി മുത്താ
കൈയ്യാല്‍ കോരാന്‍ ചെല്ലുന്നു.
കാടിന്നിരുളില്‍ ചോര്‍ന്നു വരുന്നൊരു
വെള്ളിക്കതിരുകള്‍ കാണുന്നു.
മരതക മെത്ത വിരിച്ചൊരു തട്ടില്‍
മേല്‍ കീഴ് മറിയാന്‍ നോക്കുന്നു.
കൈയ്യില്‍ തിരുകിയ കല്ലൊരു ശരമായ്
കാടിന്‍ നടുവേ പായുന്നു.
അപ്പോള്‍ പുതിയൊരു ശബ്ദം വാനില്‍
ചിറകു വിരിച്ചു പറക്കുന്നു.
കാണാക്കാഴ്ചകള്‍ ആയിരമായിര-
മെങ്ങും- കാടിനു സവ്‌ന്ദര്യം.
ഉള്ളില്‍ തെല്ലൊരഹങ്കാരം മമ
വത്സല നാടിന്‍ സവ്ഭാഗ്യം.
പെട്ടെന്നവനിലെ നന്മ മരിച്ചു!
തിന്മ നിറഞ്ഞകം ഇരുളാക്കി.
വന്‍ മര നിഴലില്‍ ചാഞ്ഞു കിടന്നൊരു
പദ്ധതി മെല്ലെ വശത്താക്കി.
ചോലച്ചാറു' നിറയ്ക്കാം കുപ്പിയില്‍
നാട്ടില്‍ 'വില്‍ക്കാം' പണമാക്കാം.
'വന്‍ വൃക്ഷങ്ങള്‍ അടര്‍ത്താം' കാടിന്‍
'നിഴലു' കവര്‍ന്നു പുറത്താക്കാം.
'കരി ദന്തത്താല്‍' അരമന ഉള്ളറ
അഴകായ് മോടി പിടിപ്പിയ്ക്കാം.
ഗിരിതടം അഖിലം ചുറ്റി വളച്ചതില്‍
'ലഹരി'കൃഷിയതു ചെയ്തീടാം.
കാടിന്‍ പെണ്ണിന്‍ 'മാനം' വിറ്റാല്‍
മോഹന 'സവ്ധം' നിര്‍മ്മിയ്ക്കാം.
അവിടെ വരും ബഹുമാന്യര്‍ ക്കമരാന്‍
'ചന്ദന തല്പ്പം' തീര്‍ത്തീടാം.
'അതിനുടെ അടിയില്‍ ഒരു അറതീര്‍ക്കേണം
മദ്യം കൊണ്ടു നിറയ്ക്കേണം',
അതു നുകരുന്നവനന്ത്യത്തില്‍ പുതു
'പെണ്‍ പൂവൊന്നു' കൊടുക്കേണം.
യോഗ്യന്മാരും,നേതാക്കളും എന്‍
വാതില്‍ പടിയില്‍ ചാരീടും.
അങ്ങിനെ എന്നിലെ 'നന്മ'കളാലേ
മാനം മുട്ടെ പൊങ്ങുമ്പോള്‍
ബാഹു ബലത്താല്‍ ചേര്‍ക്കും ഭരണവും,
ആദര്‍ശ ക്കൊടി വേറെയും.
നാടിന്നരചന്‍ താനാണെന്ന് നിന-
ച്ചവന്‍ ഏറ്റു നടന്നപ്പോള്‍!
'ഒരു ചെറു കല്ലില്‍ കാല്‍ മുന തട്ടി
താഴെ ഗര്‍ത്തം പൂകുമ്പോള്‍'
പലപല കൂര്‍ത്ത ശിലാ പ്രഹരത്താല്‍
ദേഹം കീറി പൊളിയുന്നു.
പകലോന്‍ മെല്ലെ ചായുന്നവിടെ
വെള്ളി ക്കതിര്‍ പോയ്‌ മറയുന്നു.
മരതക മെത്ത കറുക്കുന്നവിടെ
പൂക്കള്‍ കാണാതാകുന്നു.
കലപില പാടും നദിതന്‍ ഗാനം
മറ്റൊരു ഗാനം പാടുന്നു,
കുരുവികള്‍ പാടിയ പാട്ടിനു പകരം
ഹുങ്കാര സ്വരം ഉയരുന്നു,
ഭീതി ജനിപ്പിച്ചവിടിരുളെത്തി
ദേഹത്തില്‍ നിണം ഒഴുകുന്നു.
ആ മണം ഏറ്റൊരു വന്യ മൃഗം
ഉടന്‍ അവിടെയ്ക്കോടി ചെല്ലുന്നു.
പലവുരു തടയാന്‍ നോക്കീടുകിലും
വന്യമൃഗം കൊതി തീര്‍ക്കുന്നു
ചുടു നിണ നിറമായ്‌ അരുവി ഇരുണ്ടു
മൂകതയാല്‍ ദിനമൊഴിയുന്നു.