ജനപ്രിയ പോസ്റ്റുകള്‍‌

2010 ഒക്‌ടോബർ 30, ശനിയാഴ്‌ച

നിണസന്ധ്യ (കവിത)

ചൊല്ലാം ഞാനൊരു യുവകോമളനുടെ
ദാരുണ അന്ത്യ വിയോഗ കഥ.
കാന്താരത്തിന്‍ കാന്തിദ കാന്തി
കവര്‍ന്നവന്‍ അങ്ങിനെ ചുറ്റുമ്പോള്‍
പൂക്കള്‍ മാടി വിളിയ്ക്കുന്നു, നറു
പുഞ്ചിരി തൂകി കൊഞ്ചുന്നു,
പൂമണ മോടൊരു കാറ്റുവരുന്നു,
നാസിക ഗന്ധം നുകരുന്നു,
കാട്ടില്‍ പാറി നടക്കും കിളിതന്‍
പാട്ടിന്‍ രാഗം കേള്‍ക്കുന്നു.
കിളികള്‍ പാടും പാട്ടിനു ചേര്‍ന്നവ-
നീണത്തില്‍ പാട്ടോതുന്നു.
കലപില പാടി അരുവീലുലയും
കുഞ്ഞോളങ്ങള്‍ കാണുന്നു.
അടിയില്‍ പുളയും പരല്‍ മണി മുത്താ
കൈയ്യാല്‍ കോരാന്‍ ചെല്ലുന്നു.
കാടിന്നിരുളില്‍ ചോര്‍ന്നു വരുന്നൊരു
വെള്ളിക്കതിരുകള്‍ കാണുന്നു.
മരതക മെത്ത വിരിച്ചൊരു തട്ടില്‍
മേല്‍ കീഴ് മറിയാന്‍ നോക്കുന്നു.
കൈയ്യില്‍ തിരുകിയ കല്ലൊരു ശരമായ്
കാടിന്‍ നടുവേ പായുന്നു.
അപ്പോള്‍ പുതിയൊരു ശബ്ദം വാനില്‍
ചിറകു വിരിച്ചു പറക്കുന്നു.
കാണാക്കാഴ്ചകള്‍ ആയിരമായിര-
മെങ്ങും- കാടിനു സവ്‌ന്ദര്യം.
ഉള്ളില്‍ തെല്ലൊരഹങ്കാരം മമ
വത്സല നാടിന്‍ സവ്ഭാഗ്യം.
പെട്ടെന്നവനിലെ നന്മ മരിച്ചു!
തിന്മ നിറഞ്ഞകം ഇരുളാക്കി.
വന്‍ മര നിഴലില്‍ ചാഞ്ഞു കിടന്നൊരു
പദ്ധതി മെല്ലെ വശത്താക്കി.
ചോലച്ചാറു' നിറയ്ക്കാം കുപ്പിയില്‍
നാട്ടില്‍ 'വില്‍ക്കാം' പണമാക്കാം.
'വന്‍ വൃക്ഷങ്ങള്‍ അടര്‍ത്താം' കാടിന്‍
'നിഴലു' കവര്‍ന്നു പുറത്താക്കാം.
'കരി ദന്തത്താല്‍' അരമന ഉള്ളറ
അഴകായ് മോടി പിടിപ്പിയ്ക്കാം.
ഗിരിതടം അഖിലം ചുറ്റി വളച്ചതില്‍
'ലഹരി'കൃഷിയതു ചെയ്തീടാം.
കാടിന്‍ പെണ്ണിന്‍ 'മാനം' വിറ്റാല്‍
മോഹന 'സവ്ധം' നിര്‍മ്മിയ്ക്കാം.
അവിടെ വരും ബഹുമാന്യര്‍ ക്കമരാന്‍
'ചന്ദന തല്പ്പം' തീര്‍ത്തീടാം.
'അതിനുടെ അടിയില്‍ ഒരു അറതീര്‍ക്കേണം
മദ്യം കൊണ്ടു നിറയ്ക്കേണം',
അതു നുകരുന്നവനന്ത്യത്തില്‍ പുതു
'പെണ്‍ പൂവൊന്നു' കൊടുക്കേണം.
യോഗ്യന്മാരും,നേതാക്കളും എന്‍
വാതില്‍ പടിയില്‍ ചാരീടും.
അങ്ങിനെ എന്നിലെ 'നന്മ'കളാലേ
മാനം മുട്ടെ പൊങ്ങുമ്പോള്‍
ബാഹു ബലത്താല്‍ ചേര്‍ക്കും ഭരണവും,
ആദര്‍ശ ക്കൊടി വേറെയും.
നാടിന്നരചന്‍ താനാണെന്ന് നിന-
ച്ചവന്‍ ഏറ്റു നടന്നപ്പോള്‍!
'ഒരു ചെറു കല്ലില്‍ കാല്‍ മുന തട്ടി
താഴെ ഗര്‍ത്തം പൂകുമ്പോള്‍'
പലപല കൂര്‍ത്ത ശിലാ പ്രഹരത്താല്‍
ദേഹം കീറി പൊളിയുന്നു.
പകലോന്‍ മെല്ലെ ചായുന്നവിടെ
വെള്ളി ക്കതിര്‍ പോയ്‌ മറയുന്നു.
മരതക മെത്ത കറുക്കുന്നവിടെ
പൂക്കള്‍ കാണാതാകുന്നു.
കലപില പാടും നദിതന്‍ ഗാനം
മറ്റൊരു ഗാനം പാടുന്നു,
കുരുവികള്‍ പാടിയ പാട്ടിനു പകരം
ഹുങ്കാര സ്വരം ഉയരുന്നു,
ഭീതി ജനിപ്പിച്ചവിടിരുളെത്തി
ദേഹത്തില്‍ നിണം ഒഴുകുന്നു.
ആ മണം ഏറ്റൊരു വന്യ മൃഗം
ഉടന്‍ അവിടെയ്ക്കോടി ചെല്ലുന്നു.
പലവുരു തടയാന്‍ നോക്കീടുകിലും
വന്യമൃഗം കൊതി തീര്‍ക്കുന്നു
ചുടു നിണ നിറമായ്‌ അരുവി ഇരുണ്ടു
മൂകതയാല്‍ ദിനമൊഴിയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ