ജനപ്രിയ പോസ്റ്റുകള്‍‌

2011 ഡിസംബർ 30, വെള്ളിയാഴ്‌ച

നിരാലംബ

നിരാലംബെ!നിന്‍ നെഞ്ചു -
പൊട്ടിത്തകര്‍ത്തന്നു കേണു,
പ്രവാസം നിനക്കായ് ചമയ്ക്കുന്ന
ദുഃഖങ്ങള്‍ പുല്‍കി.
മരിക്കാന്‍ കൊതിക്കും
ഹൃദന്തത്തുടിപ്പിന്റെ താളം
ശ്രവിച്ചല്‍പ്പനേരത്തിലീഞാന്‍
മിഴിത്തുള്ളിയിററിച്ചിരുന്നു.
കുടുംബം നിനക്കന്ന്യമായും
ഇളംപൈതല്‍ കൊഞ്ചും
മൊഴിപ്പാട്ടകന്നും,
വിശപ്പിന്‍ വിളിക്കൊത്തു
കണ്ണീര്‍ ഭുജിച്ചും,തിളച്ചും കഴിഞ്ഞു.

അന്യഗൃഹത്തിന്നകക്കെട്ടു തീര്‍ക്കുന്ന
കാരാഗൃഹത്തിന്‍ മതില്‍ക്കെട്ടു തൊട്ടും,
പണത്തിന്റെയൂറ്റം വിഴുങ്ങുന്ന
'മാഡം' തരും തല്ലുകൊണ്ടും,
അഹങ്കാരമേറെത്തിമിര്‍ക്കും,
ധനത്തില്‍ പിറക്കും
കുറുമ്പന്‍ കിടാങ്ങള്‍ പുലമ്പും
പുലഭ്യങ്ങള്‍ കേട്ടും കഴിഞ്ഞു.
കവിള്‍പ്പൂച്ചുവപ്പേറെയേറി
കാരത്തണ്ടുപൊട്ടിക്കറുത്തും.
നിരാശയ്ക്കുടുപ്പിട്ടു നീ നില്‍ക്കയല്ലോ?

ഹേ, സോദരീ! നാം പ്രവാസി,
നമുക്കുള്ളതെല്ലാം ത്യജിക്കാനൊരുക്കം
ഒടുക്കം പഴിക്കെട്ടുമേന്തി-
ത്തിരിച്ചെത്തി നില്ക്കേ, മറക്കും പ്രിയങ്ങള്‍.

2011 ജൂലൈ 1, വെള്ളിയാഴ്‌ച

ഹൃദ്യാനുരാഗം

കാതില്‍ വന്നെത്തുന്നനുപമേ നിന്നുടെ
ഹൃദ്യാനുരാഗ പദമന്ത്രണം.
ശ്രാവണസന്ധ്യ തന്‍ സ്നേഹരാഗങ്ങളായ്
നീ പെയ്തിറങ്ങുന്നഗാധ ഹൃത്തില്‍.
സഹ്യാദ്രിയില്‍ ചാഞ്ഞുറങ്ങുന്ന കൈരളീ
നിന്‍ രൂപ ഭംഗിയില്‍ ഞാന്‍ മയങ്ങി.
എന്നും വരയ്ക്കുന്നതുള്‍ത്താരിലാകയും
നവ്യാനുരാഗിണീ നിന്റെ ചിത്രം.
പുലരിയില്‍ മഞ്ഞണിഞ്ഞാറ്റില്‍ കുളിച്ചു
ഹരിചന്ദനക്കുറി ചാര്‍ത്തിടുന്നു.
മഞ്ഞിന്‍കണിക നിന്‍ കാര്‍കൂന്തലില്‍ ഞാന്നു
ഊയലിട്ടാടിക്കളിച്ചിടുന്നു.
ദിവ്യ്വഷധക്കൂട്ടണിഞ്ഞിടും മേനിയില്‍
അഷ്ടസുഗന്ധം നിറഞ്ഞുനില്‍ക്കും
കാനന ശീതള നിര്‍വൃതി പുല്‍കിടും
നിന്നെഞാന്‍ വാരിപ്പുണര്‍ന്നിടുന്നു.
പച്ചത്തലപ്പാട്ടി നില്‍ക്കുന്ന കേരവും
നെല്‍പ്പാടമൊക്കെയും പട്ടുചേല.
ആചേലമൂടിടും മാറിടമാകവേ
സ്നേഹം നിറയ്ക്കും അമൃത ദുഗ്ദ്ധം.
പലദിവ്യ ചിന്തകള്‍ ലോലമാം നിന്നുടെ
കങ്കണക്കൂട്ടമായ് മാറിടുമ്പോള്‍
സുസ്മേരയായ് നീയുറങ്ങുന്നു ശാന്തമായ്
മണ്ണിലെ അപ്സരസ്സെന്നപോലെ.
പൂഞ്ചോല മാലയായ്‌ തീരുന്നു മാറിലും,
കര്‍ണ്ണികാരം കൊണ്ടു ഞാത്തിടുന്നു.
മാന്തളിര്‍ മേനിയെ ചുറ്റിക്കിടക്കുന്ന
നെല്‍ക്കതിര്‍ പൊന്നരഞ്ഞാണമെത്ര.
നിന്‍ പാദ ദാസിയായ്‌ നില്‍ക്കുന്ന സാഗരം
തിരയാലെ വെള്ളിച്ചിലമ്പു തീര്‍പ്പു.
ആ കള നാദത്തിലുന്മാദ ഹൃത്തുമായ്
കൈരളി നിന്നിലലിഞ്ഞിടും ഞാന്‍.

2011 ഏപ്രിൽ 2, ശനിയാഴ്‌ച

കൈനീട്ടം

ചെറുപുഞ്ചിരി തൂകിക്കൊണ്ടണയും ചെറുവെയിലില്‍
കുളിരാറ്റി കതിര്‍ചൂടി വരവേല്‍ക്കുക വിഷു നാം.
മേടത്തിനു കണിയായ് നറു കൊന്നപ്പൂ തൂക്കി
പ്രകൃതീ സഖി, ഇവളും വിഷു വരുവാന്‍ കൊതി കൊള്‍വൂ.
ചിലനേരത്തെന്നുള്ളില്‍ നെടുവീര്‍പ്പിന്‍ തരിപോല്‍
കളകൂജന മൊഴിയെത്തും 'വിത്തും കൈക്കോട്ടും'
പുലര്‍ കാലത്തെങ്ങോ, എന്നമ്മക്കരമേന്തി
മിഴിപൂട്ടി തടവിക്കൊണ്ടണയും കണികാണ്മാന്‍
കണിവെള്ളരിയുണ്ടാം നിറ കൊന്നപ്പൂവുണ്ടാം
പലമാതിരി പല വൃക്ഷക്കായ്‌ കനികളുവുണ്ടാം.
മുല്ലപ്പൂവിതളായൊരു സ്വര്‍ണത്തിന്‍ ഹാരം
മാതാവിന്‍ മാറില്‍ ചേര്‍ന്നിഴുകീടും ഹാരം
മങ്ങാതൊളി മിന്നീടുന്നിന്നും, എന്നുള്ളില്‍
ബാല്യക്കുളിര്‍ പെയ്യിക്കുന്നോര്‍മ്മകളാണെല്ലാം.
വാല്‍വച്ചൊരു കണ്ണാടി തെളിയും നെയ്‌നാളം
എരിയും സാമ്പ്രാണിത്തിരിയതുപാകും ഗന്ധം
മഞ്ഞത്തുകില്‍ ചാര്‍ത്തിക്കുഴലൂതുന്നൊരു കണ്ണന്‍
എന്നെന്നും ഉള്‍ത്താരിനു കണിയാകും ദേവന്‍.
കമ്പിത്തിരി,കുരവപ്പൂ, മേശപ്പൂ ചേലില്‍
കമ്പക്കെട്ടതിലൂടെ പകരുന്നാഹ്ലാദം.
മമ ബാല്യ പടിവാതിലിലെത്തിത്തിരയുമ്പോള്‍
കൈനീട്ടം നല്കുന്നെന്നോര്‍മ്മയിലായച്ഛന്‍ ...

2011 മാർച്ച് 10, വ്യാഴാഴ്‌ച

kaavyalokam: വിശ്രമം (കവിത)

kaavyalokam: വിശ്രമം (കവിത)

kaavyalokam: നീയില്ലാതെനിയ്ക്കെന്തോണം ( കവിത )

kaavyalokam: നീയില്ലാതെനിയ്ക്കെന്തോണം ( കവിത )

ശതാഭിഷേകയ്ക്ക്..........

നാവില്‍ ചെറുചെറു താളത്തില്‍
അക്ഷര മുത്തു കിലുങ്ങുന്നു.
ആതിരുമുറ്റത്തെത്തീടാനെന്‍
കൊച്ചു കിനാവു മൊരുങ്ങുന്നു.
ഒരു ചിമിഴില്‍ പല സ്വപ്നത്തില്‍
തോഴരുമൊത്തു മയങ്ങുമ്പോള്‍
നൂറു വയസ്സു തികഞ്ഞൊരു മാതാ-
വെന്നെ വിളിയ്ക്കുന്നുണരാനായ്.
ഒന്നാം പാഠം കയ്യില്‍ തന്നെന്‍
നെറുകയില്‍ മുത്തുന്നാവേശം
തറയും,പറയും,കിണറും കണ്ടു
കിളിര്‍ത്തു പലപല വാക്യങ്ങള്‍.
ആ വാക്യങ്ങളനശ്വരമാകും
സംസ്കാരത്തിനുണര്‍വ്വേകി
ഇന്നീ അക്ഷര മാല കൊരുക്കാന്‍
കഴിയും വേദിയിലെത്തിച്ചു.
ഓര്‍മ്മിയ്ക്കുന്നു ഞാനാമുറ്റ-
ത്തോടിനടന്നു കളിയ്ക്കുമ്പോള്‍
കല്ലില്‍ തട്ടി താഴെ വീണു
മുട്ടിന്നടിയില്‍ മുറിവുണ്ടായ്.
ഒരു 'കല'യായതുമാറി എന്നുടെ
മേനിയിലുണ്ടത് കാണുമ്പോള്‍
'സോമന്‍', 'ശശി'മാര്‍, 'ഭരതന്‍','കുട്ടന്‍'
എല്ലാരും വന്നെത്തുന്നു.
ഉച്ചയ്ക്കുപ്മാവിന്നു തിരക്കില്‍
തിണ്ണയിലെത്തും സമയത്ത്
കയ്യാല്‍ തട്ടി താഴെ വീഴ്ത്തി
കശ പിശ വച്ചതുമോര്‍ക്കുന്നു.
'ജേക്കബ്'' സാറൊരു വാടിയാല്‍
ഞങ്ങടെ തുടയില്‍ നാല് പിടച്ചപ്പോള്‍
കണ്ണില്‍ നിന്നു പറന്നിടു'മീച്ച'കള്‍
ഇന്നും പാറുന്നുളളറയില്‍.
എന്തൊരു സങ്കടം അക്കാലം
നല്ലൊരു സ്മരണയതിക്കാലം.
ആയിരമായിരമോര്‍മ്മകള്‍ പുല്‍കി
അവനിയിലിങ്ങനെ ചുറ്റുമ്പോള്‍
''ശത വര്‍ഷത്തെ പുണരും വിദ്യാ-
ലയമാം, അമ്മയ്ക്കാശംസ. ''
-----------------------------------
(വെളിയനാട് ഗവ.യു.പി. സ്കൂളിന്റെ ശതവാര്‍ഷിക സ്മരണികയ്ക്കു വേണ്ടി എഴുതിയത്)

2011 ജനുവരി 7, വെള്ളിയാഴ്‌ച

പുണ്യം (കവിത)

ഒരുമുളന്തണ്ടായ് പിറന്നതെന്‍ പുണ്യം
അതില്‍നിന്നുമുതിരുന്ന നാദമോ കര്‍മ്മം
അതുതീര്‍ത്ത സ്വര രാഗസുധ നിന്റെ ധര്‍മ്മം
ആനന്ദമാഹ്ലാദമാണാപ്രപഞ്ചം.
ഹരിത വനമൊന്നില്‍ കിളുര്‍ത്തെന്റെ ബാല്യം
തരുനിരത്തണലിലായ് കവ്മാരകാലം
അരുവിയുടെ ശ്രുതികേട്ടു യവ്വനത്തിങ്കല്‍
സപ്ത സ്വരങ്ങളായ് അന്ത്യപ്രയാണം.
മനുജ മനമിളകുമത് കേള്‍ക്കും മുഹൂര്‍ത്തം
തരളഗതി അണയുമാതിനാലെന്റെയുള്ളം
കഠിനമനമലിയുമൊരു രാഗം ശ്രവിച്ചാല്‍
അതിലുപരിയീ ജന്മമെന്തെന്തു നേടാന്‍.
കുത്തിക്കുറിയ്ക്കുന്നൊരീ മുളമ്പാട്ടില്‍
പറ്റിപ്പിടിയ്ക്കുന്ന സ്നേഹാക്ഷരങ്ങള്‍
ചുണ്ടോടു ചേര്‍ത്തു കുഴലൂതുന്നവര്‍ക്കായ്
സന്തോഷമോടെയൊരു കാണിയ്ക്കയല്ലോ

2011 ജനുവരി 4, ചൊവ്വാഴ്ച

ഒരുനിമിഷം (കവിത)

വഴി പോക്കരായനാം ഈ നടക്കാവിലൂ-
ടലയുന്നു ജീവിത ഭാണ്ടവും പേറി.
നീറുന്ന, പുകയുന്ന,ദുഃഖങ്ങള്‍ വാഴുന്ന
ഭൂമുഖക്കോണിലീ, മണ്‍തടത്തില്‍.
കുളിരും നിലാവിന്റെ പുഞ്ചിരിപ്പാത്രത്തില്‍
ഊറുന്ന മുന്തിരിച്ചാറുനിത്യം
മോന്തുവാനേറെ തപംചെയ്തു വാഴുന്ന
വഴിപോക്കരാണ് നാമെന്നുമെന്നും ‍.
ക്ഷണികമാം സായൂജ്യ നിര്‍വ്രുതീ രന്ത്രത്തില്‍
ഒരുതുള്ളി രക്തമായ്‌ നാം പിറന്നു.
ത്ച്ചടുതി യില്‍ പാഞ്ഞെത്തി അന്ധകാരത്തി-
ലോരതിഗൂഡ ഗഹ്വര തളിക തന്നില്‍.
കടം വാങ്ങി അന്നു തൊട്ടമ്മതന്‍ ജീവനും
അല്പാല്‍പ്പമീ മജ്ജ, മാംസമെല്ലാം
ഇനിവരില്ലെന്നു കരഞ്ഞോതി വായ്മലര്‍
കൂട്ടാതെ ജീവിതച്ചുഴിയിലേയ്ക്കായ്,
ദിവ്യമാമച്ചെറു പാത്രത്തില്‍ നിന്നുമീ-
ഭൂമിതന്‍ മാറില്‍ പിറന്നിരിപ്പൂ.
ഒരു കൊച്ചു മുത്തിന്‍ തിളക്കമോടേയന്നു
പിച്ചവച്ചൂഴിയില്‍ സഞ്ചരിയ്ക്കെ
വീഴാതെ തളരാതെ നന്മതന്‍ ശീലുകള്‍
പൈന്തേനിനോപ്പം പകര്‍ന്നു തന്നു.
ഒരു മുല്ലപ്പൂവിന്‍ സുഗന്ധമായീടുവാന്‍,
ഒരു തുള്ളി മധുവിന്റെ മധുരമായീടുവാന്‍,
ഒരുകൊച്ചു മിന്നാമിനുങ്ങിന്റെ വെട്ടമോ-
ടുലകാകെ ചുറ്റിപ്പറന്നുയര്‍ന്നീടുവാന്‍
എത്രയോ സ്വപ്നശ്ശതങ്ങളക്കാലം
മാതാപിതാക്കള്‍ നുണഞ്ഞിരിയ്ക്കും.
ഇന്നിന്‍ തിളക്കം മറയ്ക്കുന്നു,മായ്ക്കുന്നു
അധികാര -വിത്ത സാമ്രാജ്യം പടുക്കുവാന്‍.
മത വൈര്യ- രാഷ്ട്രീയ, തീവ്രവാദങ്ങളാല്‍
മര്‍ത്ത്യത മരിച്ചുവോ? എന്നിലും, നിന്നിലും!