ഹരിതവര്‍ണ്ണസുശോഭിതമായിടും
മരസമൂഹ മനോഹര കേരളം
കരളുവെന്തുകരഞ്ഞു വിളിപ്പതെന്‍
കരളിലാഞ്ഞു പതിച്ചിടുമെപ്പൊഴും
തെരുവിലായ് തണലേകി മൃദുത്വമാം
തളിരിലച്ചെറു മർമ്മര ഗീതമായ്
തരളപത്ര വിരാജിത ശാഖയാല്‍
തലയുയര്‍ത്തിയൊരാൽമരമോർമ്മയായ് !
അവിടെയാ ചെറുനാട്ടുവഴിക്കുചേര്‍-
ന്നരുകിലായ് ചിരകാലമഭേദനായ്
അരുകിലെത്തിടുമാരെയുമുണ്മയാ-
ലനുദിനംകുളിർ കാറ്റു പകർന്നിടും.
നെടിയനാടുവരിച്ച സുഖങ്ങളും,
നെടിയകാല ദുരന്ത മുഹൂർത്തവും.
നെടിയമാറ്റ,മുയർച്ച,യിറക്കവും
നെടിയൊരാൽമരമുണ്ടു ഗൃഹസ്ഥനായ്.
നഗര മാർഗ്ഗമെളുപ്പമൊരുക്കുവാൻ
നലമൊടാഗ്രഹമാര്‍ന്ന ജനപ്രിയര്‍
നിയതി കേന്ദ്ര മരത്തെ മുറിക്കുവാന്‍
നിയത ചര്‍ച്ച നടത്തിയനേരവും .
കരുണയുള്ളൊരു താതനു തുല്യമായ്
കരപുടത്തൊടെ പത്രശതങ്ങളാൽ
കഴിവിനൊത്തു നിഴല്‍വിരിവച്ചു,ഹാ!
കരുണതേടി പദങ്ങൾ നമിച്ചിടാം.
പ്രകൃതിതന്റെ പിതാമഹനീ മരം
സുകൃതകാലദുരന്ത കഥാ ഫലം.
വികൃതചിന്ത,ധനാഗ്രഹബുദ്ധികൾ
തകൃതിയില്‍ക്കൊലപാശമെറിഞ്ഞിതേ!
കരുണയോടധികാരമെഴുന്നവർ
പെരുവഴിക്കൊരു മാറ്റമൊരുക്കുകിൽ
കരകവിഞ്ഞു പരന്നൊഴുകും നിഴൽ
കരുതി വച്ചു ജനത്തിനു നല്കിടാം.
അവരതിൽ പ്രിയമാണ്ടതുമില്ല,യാ-
ലവനിവിട്ടു പിരിഞ്ഞിതു ജീവനും
അവശരായ വയോജന വൃന്ദവും
അവജയിച്ചു കിടക്കുമിതേ വിധം.

