ജനപ്രിയ പോസ്റ്റുകള്‍‌

2015 ജനുവരി 27, ചൊവ്വാഴ്ച

പിതാമഹൻ

        

ഹരിതവര്‍ണ്ണസുശോഭിതമായിടും 
മരസമൂഹ മനോഹര കേരളം 
കരളുവെന്തുകരഞ്ഞു വിളിപ്പതെന്‍ 
കരളിലാഞ്ഞു പതിച്ചിടുമെപ്പൊഴും 

തെരുവിലായ് തണലേകി മൃദുത്വമാം 
തളിരിലച്ചെറു മർമ്മര ഗീതമായ് 
തരളപത്ര വിരാജിത ശാഖയാല്‍ 
തലയുയര്‍ത്തിയൊരാൽമരമോർമ്മയായ് !

അവിടെയാ ചെറുനാട്ടുവഴിക്കുചേര്‍-
ന്നരുകിലായ് ചിരകാലമഭേദനായ്
അരുകിലെത്തിടുമാരെയുമുണ്മയാ-
ലനുദിനംകുളിർ കാറ്റു പകർന്നിടും.

നെടിയനാടുവരിച്ച സുഖങ്ങളും, 
നെടിയകാല ദുരന്ത മുഹൂർത്തവും.
നെടിയമാറ്റ,മുയർച്ച,യിറക്കവും 
നെടിയൊരാൽമരമുണ്ടു ഗൃഹസ്ഥനായ്.

നഗര മാർഗ്ഗമെളുപ്പമൊരുക്കുവാൻ 
നലമൊടാഗ്രഹമാര്‍ന്ന ജനപ്രിയര്‍ 
നിയതി കേന്ദ്ര മരത്തെ മുറിക്കുവാന്‍ 
നിയത ചര്‍ച്ച നടത്തിയനേരവും . 

കരുണയുള്ളൊരു താതനു തുല്യമായ് 
കരപുടത്തൊടെ പത്രശതങ്ങളാൽ 
കഴിവിനൊത്തു നിഴല്‍വിരിവച്ചു,ഹാ!
കരുണതേടി പദങ്ങൾ നമിച്ചിടാം.

പ്രകൃതിതന്റെ പിതാമഹനീ മരം 
സുകൃതകാലദുരന്ത കഥാ ഫലം. 
വികൃതചിന്ത,ധനാഗ്രഹബുദ്ധികൾ 
തകൃതിയില്‍ക്കൊലപാശമെറിഞ്ഞിതേ! 

കരുണയോടധികാരമെഴുന്നവർ 
പെരുവഴിക്കൊരു മാറ്റമൊരുക്കുകിൽ 
കരകവിഞ്ഞു പരന്നൊഴുകും നിഴൽ 
കരുതി വച്ചു ജനത്തിനു നല്കിടാം.

അവരതിൽ പ്രിയമാണ്ടതുമില്ല,യാ- 
ലവനിവിട്ടു പിരിഞ്ഞിതു ജീവനും 
അവശരായ വയോജന വൃന്ദവും 
അവജയിച്ചു കിടക്കുമിതേ വിധം.

1 അഭിപ്രായം:

  1. കവലയിൽ വളർന്നു വന്ന ഒരു മഹാഗണിത്തൈ പിഴുതുമാറ്റാനൊരുമ്പിട്ട സമീപ വാസിയോട് മല്ലിട്ട് ജയിക്കാനാവില്ലെന്നു കണ്ട് കോടതിയുടെ സഹായം നേടി ആ തരുവിനെ നിലനിർത്തിയ എന്റെ പ്രിയ സുഹൃത്തിനെ സ്മരിച്ചുകൊണ്ടു തന്നെ പറയട്ടെ; തെരുവിൽ തണലേകി നിന്നിരുന്നൊരു മാമരം ആപതിച്ചപ്പോൾ അസ്തമിച്ചത് ചില കുരുന്നു സ്വപ്നങ്ങൾ കൂടിയാണ് എന്നതും വിസ്മരിക്കാവതല്ല.

    മറുപടിഇല്ലാതാക്കൂ