ഹൃദയകമലം ഇതൾ വിടർത്തുന്നീ നിമേഷത്തിൽ
ചകിതയാമൊരു കിളിതൻ രോദനം കവിതയാകുന്നു.
കരൾ പിടഞ്ഞവളാർത്തനാദച്ചുഴിയിലുലയു മ്പോൾ
വിസ്മരിക്കുവതെങ്ങിനേ ഞാൻ മനുജനാണെങ്കിൽ
പണ്ടു പൂർവ്വികർ പാടിത്തന്നീ കൊച്ചുമാലനാട്ടിൽ
മനുഷ്യരൊന്നായൊരുമനസ്സായ് വാണിരുന്നെന്നും
കാലയവനിക താണുയർന്നു കൊഴിഞ്ഞു വർഷങ്ങൾ
അടിമയായ് പിന്നുടമയായിന്നുലകു കൈകളിലായ്
ഒരുവിരിപ്പിൽ,ഒരുപുതപ്പിൽ,ഒരുവി കാരത്തിൽ
ഹിന്ദു,ക്രിസ്ത്യൻ,മുഹമ്മദീയരു മൊത്തുചേർന്നിവിടെ
ഹൃദയശുദ്ധി തകർത്തു കയ്യിൽ കൊടിയ വാൾത്തലകൾ
ഉയരുവാനിടയാക്കിയല്ലോ മതങ്ങൾ രാഷ്ട്രീയം
കയ്യുവെട്ടി,തലയറുത്തു കള്ളുവിഷമാക്കി
ഗൂഡമായ് പണസഞ്ചി നേടാൻ കരുവൊരുക്കുന്നു .
അറിവുനേടിയ മർത്ത്യരൊത്തിരിയഴിമതിക്കകമേ
മറവെടിഞ്ഞു കുളിച്ചു നാട്ടിൽ തേർ തെളിക്കുന്നു.
മനസ്സുനീറും വിലാപങ്ങൾക്കൊപ്പമൊരുകിളിയും
പുതിയ ചേതന കണ്‍ തുറക്കാൻ കാത്തിരിക്കുന്നു.
അവരൊരുക്കും പുതിയ നാടിൻ പുതുമ കാണാനായ്
കാത്തിരിപ്പൂ കിളിയൊടൊപ്പമീ വിരൽത്തുമ്പും.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ