ജനപ്രിയ പോസ്റ്റുകള്‍‌

2009 ഡിസംബർ 19, ശനിയാഴ്‌ച

പുനര്‍ജന്മ്മം കവിത

പ്രിയേ, നിന്റെ വാക്കിന്‍ കിലുക്കം ശ്രവിയ്ക്കാ-
തയര്‍ച്ചയ്ക്ക് പോക്കില്ല നിത്യം ദിനാന്ത്യം.
കൊതിക്കൂര്‍ എനിയ്കുണ്ട് നിന്‍ നാവിലൂടെ
കിതയ്ക്കുന്ന ഗേഹ പ്രകാരം ഗ്രഹിയ്ക്കാന്‍.
അകത്താരില്‍ ആനന്ദമേകുന്നതാകം
അകക്കണ്ണ് നീരില്‍ കുളിയ്ക്കുന്നതാകാം
ഏതാകിലും തമ്മിലാ മന്ത്ര ശബ്ദങ്ങള്‍
ഓതാതിരുന്നാല്‍ ഉറങില്ല നമ്മള്‍
കടിഞ്ഞാണ്പൊട്ടി കുതിയ്ക്കും ഹയം പോല്‍
കരക്കാറ്റിനൊപ്പം പറക്കുന്ന കാലം
കളിത്തോഴിയായെന്റെ ബാല്യം മുതല്‍ക്കേ
കളിപ്പമ്പരക്കാമ്പു ഹൃത്തില്‍ കുരുക്കി
ഇണക്കം തരാതേ മനോ മണ്ടലത്തില്‍
തിണര്‍പ്പും ക്ഷതപ്പാടു മേകിക്കറങ്ങി
നിലാവില്‍ ചിരിയ്ക്കും നിശാഗന്ധിയായി
നിലയ്ക്കാത്ത മോഹങ്ങളുള്ളില്‍ പടര്‍ത്തി
ചിരഞ്ജീവിയായ്‌വന്നു അന്തര്‍ബോധത്തിന്‍
ചിതം നേടി ആത്മാവു പങ്കിട്ട പക്ഷി
കഞ്ജകപ്പക്ഷി നീ സീമന്തലേഖയായ്
കജ്ജല ക്ഷേത്രത്തിനര്‍പ്പിച്ചു ജീവിതം.
മണിത്തൊങ്ങലില്ലാത്ത ഹര്‍മ്യാന്തരീക്ഷം
മരുപ്പച്ച തേടി പിടഞ്ഞുള്ളയോട്ടം
ഒടുങ്ങാത്തതീ യുഗ്മ ജീവപ്രയാണം
കിടങ്ങാണ് മുന്നില്‍ കിടക്കും നിതാന്തം.
പ്രിയേ.. നിന്‍ കരുത്തെന്റെയീജന്മ്മ പുണ്യം
നയം ചേര്‍ന്ന വാക്കാണ്‌ ജീവന്നു തീര്‍ത്ഥം
ശരത്ക്കാല, ഹേമന്ത, വാസന്ത, ഗ്രീഷ്മം,
ശമിയ്ക്കാത്ത വര്‍ഷം, തണുപ്പാം ശിശിരം
ഋതുക്കലമെല്ലാം മുറയ്ക്കായി മണ്ണില്‍
ഋതം വന്നുചേരുന്നു കല്പ്പാന്തകാലം
മരിയ്ക്കില്ല നമ്മള്‍ -ഇടക്കാലമല്പ്പം
മയങ്ങാം..ഉണര്‍ന്നേററ് വീണ്ടും നടക്കാം.
----------------------------

കാവല്‍ക്കാരന്‍ കവിത

മരിച്ചകന്നിടും നിമേഷ ശയ്യയില്‍
മനസ്സുലഞ്ഞു ഞാന്‍ കിടപ്പു നിശ്ചലം
ജനിച്ചനാള്‍ മുതല്‍ കൊഴിഞ്ഞ കാലങ്ങള്‍
നിനപ്പു നെല്‍ക്കതിര്‍ അടര്‍ന്നപോല്‍ വൃഥാ.
കുറച്ചു പൊട്ടയായ് പിറന്നു കാറ്റടി-
ച്ചറച്ചതൊക്കയും പറന്നുപോയിതാ
വിശപ്പടക്കുവാനെടുത്തു ലേശമൊ-
ട്ടശിച്ചു ജീവനു തണല്‍ വിരിച്ചഹം.
പരുത്ത തോടുടച്ചകത്തിരുന്നിടും
പവിത്ര ധാന്യമെന്‍ കരത്തിലാക്കിടാന്‍
ഇടിയ്ക്കുമെന്നുടെ ഹൃദന്ത യ്ന്ത്രത്തി-
ന്നിടയിലല്‍പ്പവും ചൊരിഞ്ഞു കാത്തുഞാന്‍.
ഉടഞ്ഞിതാ- കുറച്ചരിയ നെന്മണി
ഉദയകാന്തി പൂണ്ടിരിപ്പതെങ്കിലും
ചിലതിലിപ്പൊഴും പതിഞ്ഞിരിയ്ക്കയാം
ചിതലരിച്ചപോല്‍ ഉറച്ച നാരുകള്‍.
കടുത്ത തോടുടഞ്ഞതിന്‍ വടുക്കളില്‍
പൊടിഞ്ഞു വാര്‍ന്നിടും നിണം പുരണ്ടവ
കഴുകിയെന്‍ കണ്ണീര്‍ ജലത്തിലെങ്കിലും
അഴിഞ്ഞു കിട്ടയില്ലധിക ധാന്യവും
വരുംദിനങ്ങളില്‍ കരുത്തുനേടുവാന്‍
കരുതിവച്ചതാം കുറച്ചു നെന്മണി
അതിലൊരല്‍പ്പമങ്ങെടുത്തു സ്വപ്നത്തിന്‍
വിതപ്പൊലിപ്പാടത്തെറിഞ്ഞിരിപ്പു ഞാന്‍.
മുളയ്ക്കു കാവലായ്‌ തനിച്ചു രാപ്പകല്‍
തിളച്ച ഹൃത്തോടെ വസിയ്ക്കുമുര്‍വ്വിയില്‍
ഇടയ്ക്കു കണ്‍കളില്‍ നിറഞ്ഞ കാറു പെയ്-
തടിഞ്ഞു, നീര്‍ തളിച്ചകന്നു പോയിടും.
തളിരിലകളില്‍ അടിച്ചുലഞ്ഞുപോം
വളര്‍ന്ന മോഹത്തിന്‍ നനുത്ത കാറ്റുകള്‍
നെടിയശ്വാസ ശ്രീലകത്തിലെത്തിടും
ഇടറി തേങ്ങലില്‍ ലയിച്ചു ചേര്‍ന്നിടും.
ഇരിട്ടു മൂടിടാനൊരിറ്റു നേരമേ
കരള്‍ത്തടത്തിലെന്നറിഞ്ഞിരിയ്ക്കിലും
വിതപ്പൊലിപ്പാട കതിര്‍ക്കിനാവു ക-
ണ്ട,തില്‍ മയങ്ങിയെന്‍ ദിനാന്ത്യമെത്തണം.
നിശബ്ദമെന്‍ മനോരഥം പതുക്കവേ
നിരങ്ങിടുന്നിതാ വിതയ്ക്കു ചുറ്റിലും
തമസ്സിലേയ്ക്കു ഞാനലിയുവോളവും
തളര്‍ച്ചപുല്‍കിടാതിരിയ്ക്കും കാവലായ്‌.

മോക്ഷപര്‍വ്വം കവിത

എവിടെ ഞാന്‍ മറന്നെന്നിലെ സ്നേഹവും
എവിടെ ഞാന്‍ മറന്നെന്‍ ദയാവായ്പ്പുകള്‍
എവിടെ ഞാന്‍ മറന്നെന്റെ സംസ്ക്കാരവും
എവിടെ നിന്നിനി നേടിടും ഒക്കെയും.
ഏറെ നാളായ്‌ അലഞ്ഞിടു‌ന്നേകനായ്
ഏറിടും ദുഃഖ ഭാരം ചുമന്നു ഞാന്‍
എന്റെ വീടിന്‍ മഹത്വം മറന്നുപോയ്‌
എത്തി ദുഷ്ഫലം കായ്ക്കുന്ന കൊമ്പിലും
എളിമ എന്നേ അകന്നു- ഞാനാരെയും
എതിരിടാന്‍ വെമ്പി ഓടുന്ന വേളയില്‍
എതിരെ വന്നിടും ബന്ധനമൊക്കയും
എരിയുവാന്‍ കനലേറെ ചൊരിഞ്ഞു ഞാന്‍
എണ്ണമില്ലാത്ത തെറ്റുകള്‍ ചെയ്യവേ
എന്തിനെന്നതു ചിന്തിച്ചതില്ല പോല്‍
എന്റെ കണ്ണില്‍ ഇരുട്ടിനാല്‍ അന്ധത
എത്രമാത്രം നിറഞ്ഞിരുന്നെപ്പോഴും
ഏവരും ശാപ വാക്കെന്ന മുള്ളുകള്‍
എന്നും വീഥിയില്‍ തൂവിടുമെങ്കിലും
ഏശിടാറില്ലവ ഒന്നുമെന്നിലെ
ഏകയോഗ പ്രവൃത്തിതന്‍ മൂലമായ്‌
ഏതു കാര്യവും ഞാന്‍ നടത്തും സ്വയം
ഏകരാജനെന്നോതിടും സര്‍വ്വരും
എന്നിലെ ക്രൂര ഭാവപ്പകര്‍ച്ചകള്‍
എന്റെ നാട്ടുകാര്‍ കണ്ടതില്ലൊട്ടുമെ.
ഏകയായൊരു നാരിതന്‍ മാനവും
ഏകഹായനാം പൈതലിന്‍ മൃത്യുവും
എന്‍കരത്താല്‍ ഒടുക്കി ഏകാന്തമാം
എട്ടുകെട്ടിന്‍ അകത്തളത്തിട്ടു ഞാന്‍
ഏതു രാത്രി എന്നോര്‍മ്മയില്ലെന്കിലും
ഏനസ്സിന്‍ ഫലം അന്നറിഞ്ഞില്ലയോ
എന്‍ മുഖത്തുറ്റു നോക്കും ഇളം മിഴി
എന്നുമെന്നും നടുക്കുന്നൊരോര്‍മ്മയായ്‌.
എണ്ണലര്‍ തെല്ലു മില്ലെന്നുരചിടും
എണ്ണമറ്റ സുഹുര്‍ത്ത് ജന സഞ്ചയം
എണ്ണി എണ്ണി കരഞ്ഞതിന്നോര്‍പ്പു ഞാന്‍
എന്തിനീ വിധം ദുഃഖമീ ഭൂമീയില്‍?
എന്നിലെ തമസ്സ്‌ അല്‍പ്പം അകന്നുവോ?
എള്ളു നീര്‍ തിരി നാളം ജ്വലിച്ചുവോ?
എവിടെ എത്തി എന്‍ പാപമൊഴിയ്ക്കണം
എവിടെയെങ്കിലും പോവുക ശാന്തമായ്‌.
എന്‍ മുഖത്തുറ്റു നോക്കും ഇളം മിഴി
എന്നുമെന്നും നടുക്കുന്നൊരോര്‍മ്മയായ്‌.
എന്‍ അടുത്തേയ്ക്ക് പാഞ്ഞു വന്നെപ്പൊഴും
എരിയും അമ്പുകള്‍ എയ്തിടുന്നെന്നുമേ
എത്രകാലം നടന്നലഞ്ഞെത്തിയീ
ഏഷ ദേവന്റെ തൃപ്പടി തന്നിലായ്‌
ഏഹസ്സെല്ലാം ഒഴിയ്ക്കണേ മാധവാ
ഏഴയായിവന്‍ എല്ലാം ത്യജിച്ചിതാ.
ഏഴരശ്ശനിക്കാലം പിടിച്ച ഞാന്‍
എത്ര തെറ്റുകള്‍ ചെയ്തു പോയ്‌ മൂഡമായ്‌
എന്നില്‍ നിന്നവ ഏല്‍ക്കുവാനായി നീ
എന്നടുത്തേയ്ക്കിതാരേ അയച്ചിടും?
എതിരെ വന്നിടും ശ്രേഷ്ഠനാകുന്നൊരാള്‍
എന്‍ മുഖത്തേയ്ക്ക് ശ്രദ്ധയാല്‍ നോക്കവെ
ഏളിതം കലര്‍ന്നാ മുഖം കണ്ടു ഞാന്‍
എളിമയോടുര ചെയ്തു നീ ആരഹോ.
എന്റെ ഹസ്തം കെടുത്തിയ മാനവും
എന്റെ കയ്യാല്‍ ഒടുങ്ങിയ ബാല്യവും
ഏറ്റുവാങ്ങിയ രുദ്രനാണെന്നയാള്‍
ഏറ്റുചൊല്ലിയെന്‍ കണ്ടം അറുത്തിതെ.
എത്ര വേഗമേ നല്‍കി നീ മോക്ഷവും
എത്ര വേഗമെന്‍ ആത്മാവ് ശാന്തമായ്‌
എന്റെ കയ്യാല്‍ മരിച്ചൊരാ പൈതലിന്‍
ഏതമെല്ലാം ഒഴിഞ്ഞിരിയ്കുംദൃഡം.

നഷ്ട സ്വപ്നം കവിത

മോഹം പൂക്കുന്ന നാള്‍ മുതല്‍ നിന്നെ
മോഹിച്ചു കാത്തിരിയ്ക്കുന്നിതു ഞാനും.
രാവിന്‍ മോഴിക്കിളി പട്ടിലലിഞ്ഞു
രാവേറെ നേരം കിടക്കുന്നു നിത്യം.
നിന്‍ ചിലമ്പിന്‍ നാദമെന്നത് പോലെ
ദൂരെ തുള്ളിക്കളിയ്ക്കുന്നു കാട്ടാര്‍.
ആ താളമെന്‍ അന്തരംഗത്തില്‍ എത്തി
ഹൃദ്സ്പന്ദന നൃത്തം ആടുന്നിതെന്നും.
ഓരോരോ സ്പന്ദനമെന്നില്‍ നിറയ്ക്കും
ഓരോരോ തേന്‍ തുള്ളി പോളകള്‍ ഉള്ളില്‍.
ബാല്യത്തില്‍ നമ്മളന്നൊന്നിച്ചു പൂവാല്‍
മാല്യം കൊരുത്തു കഴുത്തില്‍ അണിഞ്ഞു.
കുപ്പി കൈവള എന്‍ കയ്യുതട്ടി
ചെപ്പിന്‍ വക്കില്‍ അമര്‍ന്നുടഞ്ഞപ്പോള്‍
മുഴു കണ്ണില്‍ നിന്നു നീര്‍ച്ചാലു മുളച്ചു
താഴെ ചെം ചുണ്ടിന്‍ അഗ്രം കടന്നു.
മുന്‍ ശുണ്ടിക്കാരി നീ കള്ളം പറഞ്ഞി-
ട്ടെന്‍അച്ഛന്‍ എന്നെ കിഴുക്കിയ നേരം
ദുഖിച്ചു നിന്നൊരെന്‍ ഓരത്തുവന്നു
കൊഞ്ഞനം കുത്തി ചിരിച്ചു മറഞ്ഞു.
എല്ലാം ഓര്‍മ്മിച്ചിടുമ്പോള്‍ മനസ്സില്‍
ബാല്യം വീണ്ടും പറന്നെത്തിടുന്നു
തീരത്തെത്തി തിരിച്ചു മടങ്ങും
ഓളം പോലവ ആടിക്കളിപ്പൂ.
വാനില്‍ മേഘം നിറഞ്ഞു പരന്നു
കാറ്റും കോളുംഅടുത്തുകഴിഞ്ഞു.
നമ്മില്‍ കവ്മാര സ്വപ്നം നിലച്ചു
നാം രണ്ടും ഓരോ വഴിയ്ക്കും പിരിഞ്ഞു.
കറ്റക്കതിര്‍ കൊയ്തു പാടമൊഴിഞ്ഞു.
കൊത്തിക്കൊറിയ്ക്കാന്‍ കിളിയുമണഞ്ഞു
എന്‍ സ്വപ്ന ധാന്യങ്ങള്‍ എല്ലാം പെറുക്കി
ദൂരേയ്ക്ക് എങ്ങോ പറന്നകലുന്നു
ആ ചുണ്ടില്‍ നിന്നിറ്റു വീഴട്ടെ നിന്നില്‍
ആ ധാന്ന്യത്തിന്‍ മുള പൊങ്ങട്ടെയുള്ളില്‍
ഓര്‍മ്മച്ചെപ്പാകെ പൊട്ടിത്തകര്‍ത്തു
ഓടിക്കിതച്ചെത്തിടട്ടെ നീ ചാരെ.