മരിച്ചകന്നിടും നിമേഷ ശയ്യയില്‍
മനസ്സുലഞ്ഞു ഞാന്‍ കിടപ്പു നിശ്ചലം
ജനിച്ചനാള്‍ മുതല്‍ കൊഴിഞ്ഞ കാലങ്ങള്‍
നിനപ്പു നെല്‍ക്കതിര്‍ അടര്‍ന്നപോല്‍ വൃഥാ.
കുറച്ചു പൊട്ടയായ് പിറന്നു കാറ്റടി-
ച്ചറച്ചതൊക്കയും പറന്നുപോയിതാ
വിശപ്പടക്കുവാനെടുത്തു ലേശമൊ-
ട്ടശിച്ചു ജീവനു തണല്‍ വിരിച്ചഹം.
പരുത്ത തോടുടച്ചകത്തിരുന്നിടും
പവിത്ര ധാന്യമെന്‍ കരത്തിലാക്കിടാന്‍
ഇടിയ്ക്കുമെന്നുടെ ഹൃദന്ത യ്ന്ത്രത്തി-
ന്നിടയിലല്‍പ്പവും ചൊരിഞ്ഞു കാത്തുഞാന്‍.
ഉടഞ്ഞിതാ- കുറച്ചരിയ നെന്മണി
ഉദയകാന്തി പൂണ്ടിരിപ്പതെങ്കിലും
ചിലതിലിപ്പൊഴും പതിഞ്ഞിരിയ്ക്കയാം
ചിതലരിച്ചപോല്‍ ഉറച്ച നാരുകള്‍.
കടുത്ത തോടുടഞ്ഞതിന്‍ വടുക്കളില്‍
പൊടിഞ്ഞു വാര്‍ന്നിടും നിണം പുരണ്ടവ
കഴുകിയെന്‍ കണ്ണീര്‍ ജലത്തിലെങ്കിലും
അഴിഞ്ഞു കിട്ടയില്ലധിക ധാന്യവും
വരുംദിനങ്ങളില്‍ കരുത്തുനേടുവാന്‍
കരുതിവച്ചതാം കുറച്ചു നെന്മണി
അതിലൊരല്‍പ്പമങ്ങെടുത്തു സ്വപ്നത്തിന്‍
വിതപ്പൊലിപ്പാടത്തെറിഞ്ഞിരിപ്പു ഞാന്‍.
മുളയ്ക്കു കാവലായ് തനിച്ചു രാപ്പകല്‍
തിളച്ച ഹൃത്തോടെ വസിയ്ക്കുമുര്‍വ്വിയില്‍
ഇടയ്ക്കു കണ്‍കളില്‍ നിറഞ്ഞ കാറു പെയ്-
തടിഞ്ഞു, നീര്‍ തളിച്ചകന്നു പോയിടും.
തളിരിലകളില്‍ അടിച്ചുലഞ്ഞുപോം
വളര്‍ന്ന മോഹത്തിന്‍ നനുത്ത കാറ്റുകള്‍
നെടിയശ്വാസ ശ്രീലകത്തിലെത്തിടും
ഇടറി തേങ്ങലില്‍ ലയിച്ചു ചേര്‍ന്നിടും.
ഇരിട്ടു മൂടിടാനൊരിറ്റു നേരമേ
കരള്‍ത്തടത്തിലെന്നറിഞ്ഞിരിയ്ക്കിലും
വിതപ്പൊലിപ്പാട കതിര്‍ക്കിനാവു ക-
ണ്ട,തില്‍ മയങ്ങിയെന്‍ ദിനാന്ത്യമെത്തണം.
നിശബ്ദമെന്‍ മനോരഥം പതുക്കവേ
നിരങ്ങിടുന്നിതാ വിതയ്ക്കു ചുറ്റിലും
തമസ്സിലേയ്ക്കു ഞാനലിയുവോളവും
തളര്‍ച്ചപുല്‍കിടാതിരിയ്ക്കും കാവലായ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ