ജനപ്രിയ പോസ്റ്റുകള്‍‌

2009 ഡിസംബർ 19, ശനിയാഴ്‌ച

മോക്ഷപര്‍വ്വം കവിത

എവിടെ ഞാന്‍ മറന്നെന്നിലെ സ്നേഹവും
എവിടെ ഞാന്‍ മറന്നെന്‍ ദയാവായ്പ്പുകള്‍
എവിടെ ഞാന്‍ മറന്നെന്റെ സംസ്ക്കാരവും
എവിടെ നിന്നിനി നേടിടും ഒക്കെയും.
ഏറെ നാളായ്‌ അലഞ്ഞിടു‌ന്നേകനായ്
ഏറിടും ദുഃഖ ഭാരം ചുമന്നു ഞാന്‍
എന്റെ വീടിന്‍ മഹത്വം മറന്നുപോയ്‌
എത്തി ദുഷ്ഫലം കായ്ക്കുന്ന കൊമ്പിലും
എളിമ എന്നേ അകന്നു- ഞാനാരെയും
എതിരിടാന്‍ വെമ്പി ഓടുന്ന വേളയില്‍
എതിരെ വന്നിടും ബന്ധനമൊക്കയും
എരിയുവാന്‍ കനലേറെ ചൊരിഞ്ഞു ഞാന്‍
എണ്ണമില്ലാത്ത തെറ്റുകള്‍ ചെയ്യവേ
എന്തിനെന്നതു ചിന്തിച്ചതില്ല പോല്‍
എന്റെ കണ്ണില്‍ ഇരുട്ടിനാല്‍ അന്ധത
എത്രമാത്രം നിറഞ്ഞിരുന്നെപ്പോഴും
ഏവരും ശാപ വാക്കെന്ന മുള്ളുകള്‍
എന്നും വീഥിയില്‍ തൂവിടുമെങ്കിലും
ഏശിടാറില്ലവ ഒന്നുമെന്നിലെ
ഏകയോഗ പ്രവൃത്തിതന്‍ മൂലമായ്‌
ഏതു കാര്യവും ഞാന്‍ നടത്തും സ്വയം
ഏകരാജനെന്നോതിടും സര്‍വ്വരും
എന്നിലെ ക്രൂര ഭാവപ്പകര്‍ച്ചകള്‍
എന്റെ നാട്ടുകാര്‍ കണ്ടതില്ലൊട്ടുമെ.
ഏകയായൊരു നാരിതന്‍ മാനവും
ഏകഹായനാം പൈതലിന്‍ മൃത്യുവും
എന്‍കരത്താല്‍ ഒടുക്കി ഏകാന്തമാം
എട്ടുകെട്ടിന്‍ അകത്തളത്തിട്ടു ഞാന്‍
ഏതു രാത്രി എന്നോര്‍മ്മയില്ലെന്കിലും
ഏനസ്സിന്‍ ഫലം അന്നറിഞ്ഞില്ലയോ
എന്‍ മുഖത്തുറ്റു നോക്കും ഇളം മിഴി
എന്നുമെന്നും നടുക്കുന്നൊരോര്‍മ്മയായ്‌.
എണ്ണലര്‍ തെല്ലു മില്ലെന്നുരചിടും
എണ്ണമറ്റ സുഹുര്‍ത്ത് ജന സഞ്ചയം
എണ്ണി എണ്ണി കരഞ്ഞതിന്നോര്‍പ്പു ഞാന്‍
എന്തിനീ വിധം ദുഃഖമീ ഭൂമീയില്‍?
എന്നിലെ തമസ്സ്‌ അല്‍പ്പം അകന്നുവോ?
എള്ളു നീര്‍ തിരി നാളം ജ്വലിച്ചുവോ?
എവിടെ എത്തി എന്‍ പാപമൊഴിയ്ക്കണം
എവിടെയെങ്കിലും പോവുക ശാന്തമായ്‌.
എന്‍ മുഖത്തുറ്റു നോക്കും ഇളം മിഴി
എന്നുമെന്നും നടുക്കുന്നൊരോര്‍മ്മയായ്‌.
എന്‍ അടുത്തേയ്ക്ക് പാഞ്ഞു വന്നെപ്പൊഴും
എരിയും അമ്പുകള്‍ എയ്തിടുന്നെന്നുമേ
എത്രകാലം നടന്നലഞ്ഞെത്തിയീ
ഏഷ ദേവന്റെ തൃപ്പടി തന്നിലായ്‌
ഏഹസ്സെല്ലാം ഒഴിയ്ക്കണേ മാധവാ
ഏഴയായിവന്‍ എല്ലാം ത്യജിച്ചിതാ.
ഏഴരശ്ശനിക്കാലം പിടിച്ച ഞാന്‍
എത്ര തെറ്റുകള്‍ ചെയ്തു പോയ്‌ മൂഡമായ്‌
എന്നില്‍ നിന്നവ ഏല്‍ക്കുവാനായി നീ
എന്നടുത്തേയ്ക്കിതാരേ അയച്ചിടും?
എതിരെ വന്നിടും ശ്രേഷ്ഠനാകുന്നൊരാള്‍
എന്‍ മുഖത്തേയ്ക്ക് ശ്രദ്ധയാല്‍ നോക്കവെ
ഏളിതം കലര്‍ന്നാ മുഖം കണ്ടു ഞാന്‍
എളിമയോടുര ചെയ്തു നീ ആരഹോ.
എന്റെ ഹസ്തം കെടുത്തിയ മാനവും
എന്റെ കയ്യാല്‍ ഒടുങ്ങിയ ബാല്യവും
ഏറ്റുവാങ്ങിയ രുദ്രനാണെന്നയാള്‍
ഏറ്റുചൊല്ലിയെന്‍ കണ്ടം അറുത്തിതെ.
എത്ര വേഗമേ നല്‍കി നീ മോക്ഷവും
എത്ര വേഗമെന്‍ ആത്മാവ് ശാന്തമായ്‌
എന്റെ കയ്യാല്‍ മരിച്ചൊരാ പൈതലിന്‍
ഏതമെല്ലാം ഒഴിഞ്ഞിരിയ്കുംദൃഡം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ