പ്രിയേ, നിന്റെ വാക്കിന്‍ കിലുക്കം ശ്രവിയ്ക്കാ-
തയര്‍ച്ചയ്ക്ക് പോക്കില്ല നിത്യം ദിനാന്ത്യം.
കൊതിക്കൂര്‍ എനിയ്കുണ്ട് നിന്‍ നാവിലൂടെ
കിതയ്ക്കുന്ന ഗേഹ പ്രകാരം ഗ്രഹിയ്ക്കാന്‍.
അകത്താരില്‍ ആനന്ദമേകുന്നതാകം
അകക്കണ്ണ് നീരില്‍ കുളിയ്ക്കുന്നതാകാം
ഏതാകിലും തമ്മിലാ മന്ത്ര ശബ്ദങ്ങള്‍
ഓതാതിരുന്നാല്‍ ഉറങില്ല നമ്മള്‍
കടിഞ്ഞാണ്പൊട്ടി കുതിയ്ക്കും ഹയം പോല്‍
കരക്കാറ്റിനൊപ്പം പറക്കുന്ന കാലം
കളിത്തോഴിയായെന്റെ ബാല്യം മുതല്‍ക്കേ
കളിപ്പമ്പരക്കാമ്പു ഹൃത്തില്‍ കുരുക്കി
ഇണക്കം തരാതേ മനോ മണ്ടലത്തില്‍
തിണര്‍പ്പും ക്ഷതപ്പാടു മേകിക്കറങ്ങി
നിലാവില്‍ ചിരിയ്ക്കും നിശാഗന്ധിയായി
നിലയ്ക്കാത്ത മോഹങ്ങളുള്ളില്‍ പടര്‍ത്തി
ചിരഞ്ജീവിയായ്‌വന്നു അന്തര്‍ബോധത്തിന്‍
ചിതം നേടി ആത്മാവു പങ്കിട്ട പക്ഷി
കഞ്ജകപ്പക്ഷി നീ സീമന്തലേഖയായ്
കജ്ജല ക്ഷേത്രത്തിനര്‍പ്പിച്ചു ജീവിതം.
മണിത്തൊങ്ങലില്ലാത്ത ഹര്‍മ്യാന്തരീക്ഷം
മരുപ്പച്ച തേടി പിടഞ്ഞുള്ളയോട്ടം
ഒടുങ്ങാത്തതീ യുഗ്മ ജീവപ്രയാണം
കിടങ്ങാണ് മുന്നില്‍ കിടക്കും നിതാന്തം.
പ്രിയേ.. നിന്‍ കരുത്തെന്റെയീജന്മ്മ പുണ്യം
നയം ചേര്‍ന്ന വാക്കാണ് ജീവന്നു തീര്‍ത്ഥം
ശരത്ക്കാല, ഹേമന്ത, വാസന്ത, ഗ്രീഷ്മം,
ശമിയ്ക്കാത്ത വര്‍ഷം, തണുപ്പാം ശിശിരം
ഋതുക്കലമെല്ലാം മുറയ്ക്കായി മണ്ണില്‍
ഋതം വന്നുചേരുന്നു കല്പ്പാന്തകാലം
മരിയ്ക്കില്ല നമ്മള്‍ -ഇടക്കാലമല്പ്പം
മയങ്ങാം..ഉണര്‍ന്നേററ് വീണ്ടും നടക്കാം.
----------------------------
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ